തൃക്കാക്കര : വ്യാജ ചാരായവുമായി രണ്ട് യുവാക്കളെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. മുളവുകാട് ബോൾഗാട്ടി പണ്ടാരപ്പറമ്പിൽ വീട്ടിൽ സഞ്ജു കൃഷ്ണൻ (21), മാളിയേക്കൽ വീട്ടിൽ എബറോൾ (24) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സഞ്ജുവാണ് ആദ്യം പിടിയിലായത്.ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി. സഞ്ജുവിന്റെ സ്കൂട്ടറിൽ നിന്നും വ്യാജ ചാരായം കണ്ടെത്തു. ചോദ്യം ചെയ്യലിൽ എബറോളിനെക്കുറിച്ചും ബോൾഗാട്ടിയിലെ വാറ്റുകേന്ദ്രത്തേക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് മുളവുകാട്ടെത്തി എബറോളിനെ അറസ്റ്റ് ചെയ്യുകയും രഹസ്യകേന്ദ്രത്തിൽ പരിശോധന നടത്തി വാറ്റ് ഉപകരണങ്ങളും ചാരായവും കണ്ടെടുക്കുകയും ചെയ്തു. പ്രഷർകുക്കർ ഉപയോഗിച്ചാണ് ചാരായം നിർമിച്ചിരുന്നത്. തൃക്കാക്കര സി.ഐ. ആർ. ഷാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ പി.പി. ജസ്റ്റിൻ, എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, വനിത എസ്.ഐ. വി.ജി. സുമിത, എസ്.ഐ. മണികണ്ഠൻ, ഹെഡ് കോൺസ്റ്റബിൾ ശ്രീകുമാർ, കോൺസ്റ്റബിൾമാരായ ജാബിർ, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കാക്കനാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.