കൊച്ചി: കൊവിഡ് സെന്ററുകളിൽ ഡ്യൂട്ടി നോക്കിയ കളമശേരി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പെരുമ്പാവൂർ സ്വദേശിയാണ്. സി.ഐ ഉൾപ്പെടെ 63 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. സ്‌റ്റേഷൻ അണുവിമുക്തമാക്കിയശേഷം മറ്റ് സ്‌റ്റേഷനുകളിലെ ഏതാനും പൊലീസുകാരെ നിയോഗിച്ചു. കൊച്ചി മെട്രോ സി.ഐ എ. അനന്തലാലിന് താത്കാലിക ചുമതല കൈമാറി.

നാലോ, അഞ്ചോ കൊവിഡ് സെന്ററിൽ ഡ്യൂട്ടിചെയ്‌തിരുന്നു. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ആദ്യം ചികിത്സതേടിയ പെരുമ്പാവൂർ അറയ്‌ക്കപ്പടിയിലെ ക്ളിനിക്ക് അടച്ചു. ജീവനക്കാരും ക്വാറന്റൈനിലാണ്. സമ്പർക്ക ലിസ്റ്റ് തയ്യാറാക്കിത്തുടങ്ങി. 16 പേർ ഇൻസ്‌റ്റിറ്റ്യൂഷൻ ക്വാറന്റൈനിലാണ്. ചിലർ വാടക വീടുകളിലേയ്‌ക്ക് മാറി. സ്‌റ്റേഷന്റെ പ്രവർത്തനം മുടങ്ങില്ലെന്നും പരാതികൾ ഇ- മെയിൽ അയയ്ക്കാമെന്നും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു.