post-office

കൊച്ചി:ബാങ്കുകളുടെ സ്ഥിര നിക്ഷേപ, സേവിങ്‌സ് അക്കൗണ്ട് നിരക്കുകള്‍ അടിയ്ക്കടി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പോസ്റ്റോഫീസ് സേവിങ്‌സ് നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകുന്നു.വളരെ കുറഞ്ഞ തുക മുതല്‍ എത്ര വലിയ തുക വേണമെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിയ്ക്കാം എന്ന സവിശേഷതയുണ്ട്.

ബാങ്ക് നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ കൂടുതല്‍ ആദായകരമാണ്. റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നതിന് അനുസൃതമായി സ്ഥിര നിക്ഷേപ, സേവിങ്‌സ് അക്കൗണ്ട് നിരക്കുകളില്‍ കുറവ് വരുന്നതാണ് ബാങ്ക് പലിശ നിരക്കുകളില്‍ നിന്ന് കാര്യമായ നേട്ടമില്ലാത്തതിന് കാരണം.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ സ്ഥിര നിക്ഷേപത്തിന് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്നു വര്‍ഷം മുതല്‍ 10 വര്‍ഷം വരയുള്ള നിക്ഷേപങ്ങള്‍ക്ക് ആകട്ടെ 5.7 ശതമാനം നികുതി മാത്രം. ഒരു വര്‍ഷം മുതല്‍ 389 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ നല്‍കുന്ന പലിശ നിരക്ക് 5.55 ശതമാനം മുതലാണ്.എന്നാല്‍ അഞ്ചു വര്‍ഷ കാലാവധിയ്ക്കു മുകളിലുള്ള പോസ്റ്റോഫീസ് സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് 7.7 ശതമാനം വരെ പലിശ ലഭിയ്ക്കും. മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.90 ശതമാനം വരെയും. കൂട്ടു പലിശ പാദ വര്‍ഷാടിസ്ഥാനത്തില്‍ ആണ് കണക്കാക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപം 200 രൂപയാണ്.

പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ പദ്ധതി പ്രകാരം നിക്ഷേപകര്‍ക്ക് ലഭിയ്ക്കുന്നത് താരതമ്യേന ഉയര്‍ന്ന പലിശയാണ്. 7.4 ശതമാനം നിരക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭിയ്ക്കുക. നിലവില്‍ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയ്ക്ക് കീഴില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിയ്ക്കും.