ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി റൂറൽ ജില്ലയിൽ പൊലീസിന് പുതിയ വാഹനങ്ങൾ അനുവദിച്ചു. പുതിയതായി നിരത്തിലിറങ്ങുന്ന 15 വാഹനങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്‌ളാഗ് ഓഫ് ചെയ്തു.
ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലും ഈ പട്രോളിംഗ് യൂണിറ്റുകളുടെ സേവനം ലഭ്യമാകും. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും വാഹനയൂണിറ്റുകളെ ഉപയോഗിക്കും. പ്രളയമുണ്ടായാൽ നേരിടുന്നതിനും പട്രോളിംഗ് യൂണിറ്റുകൾ രംഗത്തുണ്ടാകും.
360 ഡിഗ്രി തിരിയുന്ന നിരീക്ഷണ കാമറകൾ, തത്സമയ റെക്കാഡിംഗ് സംവിധാനം, ഡിസ്‌പ്ലേ സ്‌ക്രീൻ, ജി.പി.എസ് തുടങ്ങി ആധുനിക സംവിധാനങ്ങൾ വാഹനത്തിലുണ്ട്. ജനങ്ങൾക്ക് മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകുന്നതിന് പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റവും ഉണ്ട്. പൊലീസിന്റെ പൊതുനമ്പറായ 112 വിളിച്ചാൽ ഏറ്റവും അടുത്തുള്ള പട്രോളിംഗ് വാഹനത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്ന് എസ്.പി അറിയിച്ചു.
അഡീഷണൽ എസ്.പി ഇ.എൻ. സുരേഷ്, ഡിവൈ.എസ്.പിമാരായ ആർ. റാഫി, റജി എബ്രഹാം, മധുബാബു, ജി. വേണു തുടങ്ങിയവർ പങ്കെടുത്തു.