road
അശോകപുരം കൊച്ചിൻ ബാങ്ക് കവലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെ തുടർന്നുള്ള വെള്ളക്കെട്ടും ഗതാഗതകുരുക്കും

ആലുവ: ആലുവ-മൂന്നാർ റോഡിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവലയിലെ ചെറുകുഴികൾ അടക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ മുടക്കിയപ്പോൾ രൂപപ്പെട്ടത് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്ന് യഥാർത്ഥത്തിൽ അപകടക്കെണി ഒരുക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.എൻ.എ.ഡി റോഡ് സംഗമിക്കുന്ന ഭാഗത്തും 50 മീറ്റർ മാറി എടയപ്പുറം റോഡ് സംഗമിക്കുന്ന ഭാഗത്തും ചെറിയ കുഴികൾ നേരത്തെ ഉണ്ടായിരുന്നു. പക്ഷെ ഭാഗത്തൊരിടത്തും ഇതുവരെ വെള്ളക്കെട്ട് ഉണ്ടാവാറില്ല. എന്നാൽ അശാസ്ത്രീയമായി ആവശ്യത്തിലേറെ സ്ഥലത്ത് കോൺക്രീറ്റ് കട്ടകൾ വിരിച്ചതാണ് ഇപ്പോൾ വിനയായത്.

#റോഡിൽ വെള്ളക്കെട്ട്

റോഡും കട്ട വിരിച്ച ഭാഗവും ഒരേ നിരപ്പല്ലാത്തതിനാലാണ് വെള്ളം കെട്ടികിടക്കുന്നത്. മഴ പെയ്താൽ വെള്ളം ഒഴുകി പോകുന്നതിനും മാർഗമില്ല. വെള്ളക്കെട്ടും റോഡ് നിരപ്പല്ലാത്തതിനാലും വാഹനങ്ങൾ ഇവിടെ കുരുക്കിൽപ്പെടുകയാണ്. എടയപ്പുറം റോഡിലേക്ക് കയറ്റിയാണ് കട്ട വിരിച്ചിരിക്കുന്നത്. അവസാനിക്കുന്നത് നിവലിൽ ഹംമ്പ് ഉണ്ടായിരുന്നിടത്താണ്. ഹംമ്പ് ഒഴിവാക്കാതെ ഒരടി അകലത്തിൽ അവസാനിപ്പിച്ചതിനാൽ ഇവിടെയും വെള്ളക്കെട്ടാണ്.

#വകുപ്പ് മന്ത്രിക്ക് പരാതി നൽകും

കുഴികൾ അടക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ പൊതുമരാമത്ത് വകുപ്പിന് വിവേദനം നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ആവശ്യത്തിലധികം സ്ഥലത്ത് കട്ട വിരിക്കാൻ തീരുമാനമെടുത്തത്. കോമ്പറ, കൊടികുത്തുമല, ചാത്തൻപുറം ഭാഗങ്ങളിലെ റോഡ്, കാന നവീകരണത്തോടൊപ്പം ചേർത്ത് 40 ലക്ഷം രൂപക്ക് കരാർ നൽകുകയായിരുന്നു. കരാറുകാരനെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സഹായിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ചിലർ വകുപ്പ് മന്ത്രിക്ക് പരാതി നൽകാനും ഒരുങ്ങുന്നുണ്ട്.

#പരിഹാരമുണ്ടായിലെങ്കിൽ സമരം

കരാറുകാരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണമെന്നും എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി ബി.ജെ.പി രംഗത്തുവരുമെന്ന് കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, യുവമോർച്ച പ്രസിഡന്റ് വിനുപ് ചന്ദ്രൻ, വാർഡ് കൺവീനർ ബിനോയ് രാജ് റോഷൻ എന്നിവർ അറിയിച്ചു.