കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന പരിഗണനപോലും പ്രവാസികൾക്ക് കൊടുക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യപ്പെട്ടു. സർക്കാരിന് പ്രവാസികളെയല്ല അവരുടെ പണമാണ് ആവശ്യം. പ്രവാസികളോടുള്ള അവഗണനയ്ക്കും അനീതിക്കുമെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എമാർ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.ഡി. സതീശൻ, പി.ടി. തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ എന്നിവർ നേതൃത്വം നൽകി.
നേതാക്കളായ കെ.പി. ധനപാലൻ, എൻ. വേണുഗോപാൽ, ടി.യു. കുരുവിള, അബ്ദുൾ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, വിൻസെന്റ് ജോസഫ്, ബാബു ജോസഫ്, ജെയ്‌സൺ ജോസഫ്, ഐ.കെ. രാജു, മാത്യു കുഴൽനാടൻ, ദീപ്തി മേരി വർഗീസ്, എൻ.കെ. നാസർ, രാജു പാണാലിക്കൽ, പി. രാജേഷ്, തമ്പി ചെള്ളാത്ത്, മുഹമ്മദ് ഷിയാസ്, എം.ആർ. അഭിലാഷ്, പോളച്ചൻ മണിയംകോട്, ലത്തീഫ് പൂഴിത്തറ, ടി.കെ. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.