കോലഞ്ചേരി: കൊവിഡ് വൈറസറിനെ പോലെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള തട്ടിപ്പ് പെരുകുന്നു. നേരത്തെ മോറട്ടോറിയത്തിന്റെ പേരിലായിരുന്നെങ്കിൽ ഇപ്പോൾ കളംമാറ്റി. വ്യാജ സ്കോളർഷിപ്പാണ് പുതിയ തുറുപ്പ് ചീട്ട്. കേന്ദ്ര,സർക്കാരുകളുടെ പേരിലാണ് പ്രചരണം. സ്വന്തമായി അപേക്ഷിച്ചവരോട് ബാങ്ക് അക്കൗണ്ട് നമ്പറും ഒ.ടി.പിയുമാണ് ഇത്തരം സൈറ്റുകൾ ആവശ്യപ്പെടുന്നത്. അതേസമയം വിദ്യാർത്ഥികൾ കൂട്ടത്തോടെ അക്ഷയ കേന്ദ്രങ്ങളിലെത്തി അപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.
ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപയുടെ സ്‌കോളർഷിപ്പാണ് ഓഫർ. വ്യാപാരികൾക്ക് സർക്കാരിന്റെ ധനസഹായം, ദിവസവേതന തൊഴിലാളികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മൂന്ന് മാസം 10,000 രൂപ വീതം, ജൻ ധൻ അക്കൗണ്ട് വഴി 1500 രൂപ, ഒന്നാം ക്ളാസ് മുതൽ 4000 രൂപ സ്കോളർ ഷിപ്പ് എന്നിങ്ങനെ പലതാണ് പ്രചാരണം. സർക്കാരിന്റെയും ഐ.ടി മിഷൻ, അക്ഷയ എന്നിവയുടെയും ലോഗോയും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്.
പ്രചാരണം വിശ്വസിച്ച് ആളുകൾ കൂട്ടത്തോടെ അക്ഷയ കേന്ദ്രങ്ങളിലേക്ക് എത്തിയതോടെ ജീവനക്കാർ വലഞ്ഞു. ഇത്തരം സഹായ പദ്ധതികളില്ലെന്ന് അക്ഷയ അധികൃതർ വ്യക്തമാക്കിയിട്ടും ബോധ്യമാകാതെ പലയിടത്തും വാക്ക് തർക്കവുമുണ്ടായി. വിദ്യാർത്ഥികൾ നിരവധി എത്തിയതോടെ ഐ.ടി മിഷനും അക്ഷയ ഓഫിസും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അക്ഷയ വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ സംസ്ഥാന, ജില്ല ഓഫീസുകൾ മുഖേന പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസിൽ നിന്നും വ്യക്തമാക്കി.