കൊച്ചി : പുതുവൈപ്പിനിലെ എൽ.പി.ജി ടെർമിനൽവിരുദ്ധ സമരം തടയാൻ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയതിനെതിരെ നാട്ടുകാർക്ക് ചട്ടപ്രകാരം സർക്കാരിനെ സമീപിക്കാമെന്നും ഇവർക്ക് നോട്ടീസ് നൽകി തെളിവെടുപ്പു നടത്തി തീരുമാനമെടുക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. പ്രദേശവാസികളായ എം.ജി. ജോസ് ഉൾപ്പെടെ നാലുപേർ പുതുവൈപ്പിനിലെ നിരോധനാജ്ഞ നീട്ടിയതിനെതിരെ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.

ക്രിമിനൽ നടപടി ചട്ടത്തിലെ 144 -ാം വകുപ്പിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും ഇതിനെതിരെ സർക്കാരിനു പരാതി നൽകാനും വ്യവസ്ഥയുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ നടപടിക്കെതിരെ കോടതി മുഖേന പരിഹാരം കാണുന്നതിൽ നീതീകരണമില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. തുടർന്ന് സർക്കാരിനു പരാതി നൽകാൻ നിർദേശിച്ച് ഹർജി തീർപ്പാക്കി.

പുതുവൈപ്പിനിൽ ഐ.ഒ.സിയുടെ എൽ.പി.ജി ടെർമിനൽ തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾ സമരം ശക്തമാക്കിയതോടെ കഴിഞ്ഞ ഡിസംബർ 15 നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ കാരണം വ്യക്തമാക്കാതെ നിരോധനാജ്ഞ ആറുമാസംകൂടി നീട്ടി. ഇൗ സാഹചര്യത്തിലാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മത്സ്യത്തൊഴിലാളികളായതിനാൽ സംഘം ചേർന്ന് ജോലി ചെയ്യേണ്ടിവരുമെന്നും നിരോധനാജ്ഞ കാരണം ജീവിതം വഴിമുട്ടിയ നിലയിലാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എൽ.പി. ജി ടെർമിനൽ ജനവാസകേന്ദ്രത്തിൽ സ്ഥാപിക്കുന്നത് അപകടകരമാണെന്നും ഹർജിക്കാർ പറഞ്ഞു. എന്നാൽ ദേശീയ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയും തള്ളിയ ഇൗ ആരോപണത്തിൽ ഹൈക്കോടതി ഇടപെടരുതെന്ന് സർക്കാർ വാദിച്ചു. ചട്ടപ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രണ്ടു മാസത്തിലേറെ നിരോധനാജ്ഞ തുടരാനാവില്ലെങ്കിലും കലാപസാദ്ധ്യത, ജനങ്ങളുടെ സുരക്ഷ, ആരോഗ്യപരമായ കാരണങ്ങൾ തുടങ്ങിയവ നിമിത്തം വിജ്ഞാപനത്തിലൂടെ ആറുമാസത്തേക്ക് സർക്കാരിന് നീട്ടാൻ അധികാരമുണ്ട്. ഇതിനെതിരെ പരാതിയുള്ളവർക്ക് സർക്കാരിനെ സമീപിക്കാൻ കഴിയുമെന്നും സർക്കാർ വിശദീകരിച്ചു. തുടർന്നാണ് ഹർജി തീർപ്പാക്കിയത്.