കൊച്ചി: ഭീതി പടർത്തി കൊവിഡ് രോഗികളു‌ടെ എണ്ണം അനുദിനം ഉയരുമ്പോൾ നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട ഹെൽത്ത് ഓഫീസറുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. ജീവനക്കാരുടെ കുറവു മൂലം ഒരു ജൂനിയർ ഓഫീസറുടെ മേൽനോട്ടത്തിലാണ് അഞ്ച് ഡിവിഷനുകളിലെ ആരോഗ്യ പ്രവർത്തനങ്ങൾ നടക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്ളാസ്റ്റിക്കിനെതിരായ പ്രവർത്തനങ്ങളെയും ബാധിച്ചു. വ്യാപാരസ്ഥാപനങ്ങളിലെ പ്ളാസ്റ്റിക് പരിശോധന നിറുത്തിവച്ചിരിക്കുകയാണ്.

ആരോഗ്യ ജീവനക്കാർക്ക് പുറമെ എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാർ, അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർമാർ ഉൾപ്പെടെ കോർപ്പറേഷനിലെ 16 തസ്തികൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിൽ ഏതാനും ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം വിരമിച്ചു. മറ്റു ചില തസ്തികകളിൽ മാർച്ച് മുതൽ ആളില്ല. കോർപ്പറേഷന്റെ സോണൽ ഓഫീസുകളിലും സ്ഥിതി വത്യസ്തമല്ല. സൂപ്രണ്ട് ഉൾപ്പടെയുള്ള തസ്തികൾ ഒഴിഞ്ഞുകിടക്കുന്നതിനെ ചൊല്ലി ഫോർട്ടുകൊച്ചി ഓഫീസിൽ ജീവനക്കാരും സന്ദർശകരും തമ്മിൽ ഏറ്റുമുട്ടൽ പതിവായി.

ഡോക്‌ടറെ ചോദിച്ച് കോർപ്പറേഷൻ

ഹെൽത്ത് ഓഫീസറായി ഒരു ഡോക്ടറെ നൽകണമെന്ന് എട്ടു വർഷമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സർക്കാർ അനങ്ങിയിട്ടില്ല. ഫസ്റ്റ് ഗ്രേഡ് എച്ച്.ഐ ( ഹെൽത്ത് ഇൻസ്പക്‌ടർ )ക്കാണ് നിലവിൽ ചുമതല നൽകുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്തെങ്കിലും സർക്കാർ ഇത്തവണ തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ

പദ്ധതികൾ ഇഴയുന്നു

എൻജിനിയർമാരുടെ അഭാവം പദ്ധതി പ്രവർത്തനങ്ങളെ ബാധിച്ചു. ഓവർസിയർമാരുടെ കുറവ് ഡിവിഷനുകളിലെ എല്ളാ പ്രവൃത്തികളെയും അവതാളത്തിലാക്കി. ബിൽഡിംഗ് ഇൻസ്‌പക്‌ടർമാരില്ലാതിനാൽ പെർമിറ്റ് വിതരണം നീളുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിച്ച തമ്മനം പുല്ലേപ്പടി റോഡ് അനധികൃത കച്ചവടക്കാർ കൈയേറിയിട്ടും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ വേണ്ടവിധത്തിൽ ഇ‌ടപെടാൻ നഗരസഭയ്ക്ക് കഴിയുന്നില്ല.

കൃഷി ഓഫീസറെ നിയമിക്കണം

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിയും മൃഗസംരക്ഷണ പദ്ധതികളും കോർപ്പറേഷൻ ഏറ്റെടുത്തിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൃഷി ഓഫീസറെ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷി ഓഫീസറുടെ തസ്തികയും കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.

ഗ്രേസി ജോസഫ്

വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ

അടിയന്തരമായി നിയമിക്കണം

ഉദ്യോഗസ്ഥൻമാരുടെ കുറവ് കോർപ്പറേഷന്റെ വികസനപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. നിലവിലുള്ളവർ അമിതജോലി ഭാരം കൊണ്ടു വലയുകയാണ്. ഒരു ജീവനക്കാരൻ അഞ്ച് പേരുടെ ചുമതലകൾ നിർവഹിക്കേണ്ട അവസ്ഥയാണ്.

കെ.ആർ. പ്രേമകുമാർ

ഡെപ്യൂട്ടി മേയർ