കോലഞ്ചേരി: ഭൂരിഭാഗം അന്യസംസ്ഥാന തൊഴിലാളികളും പ്രത്യേക ട്രെയിനുകളിൽ കേരളം വിട്ടതോടെ നാട്ടുകാർക്ക് പണി കിട്ടയിരിക്കുകയാണ് ! ഭായിന്മാരുടെ എണ്ണം കുറഞ്ഞതിനാൽ കെട്ടിടനിർമാണ ജോലികൾക്ക് ആളെ കിട്ടാതെയായി. ഇത് മുതലെടുത്ത് ഭായിമാർ കൂലി കൂട്ടിയതാണ് ഇപ്പോൾ നാട്ടുക്കാരെ വെട്ടിലാക്കിയിരിക്കുന്നത്. സാധാരണ 600 രൂപ മുതൽ 700രൂപ വരെയായിരുന്നു ഇവർക്ക് നൽകിയിരുന്ന കൂലി.നിലവിൽ 1000 രൂപ മുതൽ 1200 വരെ നൽകണം. തീർന്നില്ല. മൂന്ന് നേരം ഭക്ഷണവും മസ്റ്റാണ്.

നിലവിൽ 50000ലധികം അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിൽ നിന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി. ശേഷിക്കുന്നത് 40000 പേരാണ്. ഇവരിൽ പലരും നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. ട്രെയിൻ സമയം മുൻകൂട്ടി അറിയിക്കാത്തതിനാൽ ഇവരാരും ജോലിക്ക് പോകുന്നില്ല. ഇതാണ് ഭായിമാർ സുവർണാവസരം ആക്കിയിരിക്കുന്നത്.

ജോലിക്കാരുടെ എണ്ണം കുറഞ്ഞതോടെ നിർമാണ മേഖല സ്തംഭിച്ചി മട്ടാണ്. പ്ളൈവുഡ് കമ്പനികൾ പലതും അടച്ചു. ഹോളോ ബ്രിക് യൂണിറ്റുകളും പൂട്ടി.ഇലക്ട്രിക്കൽ വയറിംഗ്, പ്ളംബിംഗ്, ഹോട്ടൽ, വിവിധ സ്ഥാപനങ്ങൾ,തുണിക്കട, വർക്ക് ഷോപ്പ് ഇങ്ങനെ സമസ്ത മേഖലകളിലും പ്രതിസന്ധിയിലാണ്. അതേസമയം, നാട്ടിലേയ്ക്ക് മടങ്ങിയവർ തിരിച്ചെത്തുന്നതും നാട്ടുകാരിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

തൊഴിൽ മേഖല സ്തംഭനം തുടരുന്നതോടെ ഇടനിലക്കാർ മുൻ കൈയെടുത്ത് ബസുകളിലാണ് അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കുന്നത്. കൊവിഡ് പരിശോധനയില്ലെതെ എത്തുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ഇതിന് എതിർക്കുകയാണ്. പല സ്ഥാപന ഉടമകളും സ്വന്തം നിലയിൽ ക്വാറന്റൈയിൻ കേന്ദ്രം ഒരുക്കാൻ തയ്യാറാണ്. എന്നാൽ സ്ഥലസൗകര്യമില്ലാത്തതാണ് തിരിച്ചടിയായിരിക്കുന്നത്.


ഒമ്പത് തൊഴിലാളികളാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയതോടെ ഇവർ ഒരു അറിയിപ്പ് പോലും നൽകാതെ നാട്ടിലേക്ക് മടങ്ങി. നിലവിൽ ഇന്റർലോക്ക് നിർമാണ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പുറമേ അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ കൂലി ആവശ്യപ്പെടുന്നത് നഷ്ടത്തിന്റെ ആക്കം കൂട്ടുകയാണ്.
പി.എഫ് സുരേന്ദ്രൻ
ഇന്റർലോക്ക് സ്ഥാപന ഉടമ
പട്ടിമറ്റം