കൊച്ചി: കഠിനപ്രയത്നം വിജയത്തിലെത്തിക്കുമെന്നതിന്റെ വലിയ ഉദാഹരണമാണ് സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ. സിനിമയെ സ്വപ്നം കണ്ട കാലം മുതൽ അതിനെ അറിയാനുള്ള ശ്രമം. ക്ളാസിക്കൽ ചിത്രങ്ങൾ കണ്ടും പഠിച്ചും വളർച്ച. കൊമേഴ്സ് ബിരുദപഠനത്തിനും നിയമപഠനത്തിനും ശേഷം ഇടക്കാലത്ത് അഭിഭാഷകനായെങ്കിലും ആ വേഷം അഴിച്ചുവച്ച് സിനിമാലോകത്തെത്തി. സുഹൃത്തിനൊപ്പം തിരക്കഥാകൃത്തായി തുടക്കം. രണ്ട് ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളസിനിമയിൽ കൈയൊപ്പ് പതിപ്പിച്ച സംവിധായകൻ. ഇനിയുമേറെ കഥകൾ പറയാൻ ബാക്കിവച്ച് സച്ചി വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാനാവാതെ നിൽക്കുകയാണ് സുഹൃത്തുക്കളും മലയാളസിനിമയും.സച്ചിയെന്ന തിരക്കഥാകൃത്തും സംവിധായകനും വ്യത്യസ്ത രീതിയിലാണ് ജോലി ചെയ്തിരുന്നതെന്ന് സിനിമാ സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. തിരക്കഥാ ചർച്ചയ്ക്കിടെ തുടരെ തർക്കിക്കുന്ന, തന്റെ വാദങ്ങൾക്ക് തെളിവ് നിരത്തുന്ന എഴുത്തുകാരനാണ് സച്ചി. അതേസമയം അക്ഷോഭ്യനായി ആസ്വദിച്ച് ചിത്രമൊരുക്കുന്ന സംവിധായകനുമാണ്. സിനിമാരംഗത്തെത്തി 13 വർഷമായിട്ടും സിനിമയെ വിദ്യാർത്ഥിയുടെ കണ്ണോടെയാണ് കണ്ടിരുന്നത്. സിനിമയുടെയും തിരക്കഥയുടെയും സാങ്കേതികരീതികൾ, ദേശീയ - അന്തർദേശീയ ചലച്ചിത്ര രംഗത്തെ മാറ്റങ്ങൾ എന്നിവയൊക്കെ കൃത്യമായി പഠിച്ചിരുന്നു. ക്ളാസിക്ക് സിനിമകളെ പ്രണയിച്ചിരുന്ന ചെറുപ്പക്കാരൻ, സിനിമയ്ക്കായി പണമിറക്കുന്നവന്റെ സങ്കടം മനസിലാക്കി പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന കൊമേഴ്സ്യൽ ചിത്രങ്ങളൊരുക്കുന്നതിലേക്ക് മാറിയത് ആ പഠനത്തിന്റെ ഭാഗമായാണ്.സച്ചി സംവിധായകനായ ആദ്യചിത്രം അനാർക്കലിയാണ്. ലക്ഷദ്വീപിന്റെ വിശാലമായ കാൻവാസിൽ ഒരു പ്രണയകഥ പറയുകയെന്ന വെല്ലുവിളി ചെറുതായിരുന്നില്ല. ദ്വീപിലെ ആളുകൾ നേരിടുന്ന ബുദ്ധിമുട്ട് 'കര'യിലുള്ളവർ അറിഞ്ഞത് ആ ചിത്രത്തിലൂടെയാണ്. അയ്യപ്പനും കോശിയും എന്ന അവസാനത്തെ ചിത്രത്തിൽ സംവിധായകനെന്ന പോലെ തന്നിലെ എഴുത്തുകാരന്റെ കൈയടക്കവും കാട്ടിയിരുന്നു. ആദ്യചിത്രത്തിൽ ദ്വീപുകാരുടേതെങ്കിൽ അയ്യപ്പനും കോശിയിലൂടെ അട്ടപ്പാടി പശ്ചാത്തലമാക്കി കാടിന്റെ മക്കളുടെ ധൈര്യവും സങ്കടങ്ങളും കാട്ടാൻ സച്ചിക്കായി. കാച്ചിക്കുറുക്കിയ സംഭാഷണങ്ങളായിരുന്നു സച്ചിയെ മറ്റു തിരക്കഥാകൃത്തുക്കളിൽ നിന്ന് വേറിട്ടുനിറുത്തിയിരുന്നത്. തിരക്കഥാകൃത്തായും സംവിധായകനായും ഇനിയുമേറെ സച്ചിയിൽ നിന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.