കൊച്ചി: സച്ചിയുടെ വേർപാട് വിശ്വസിക്കാനാവുന്നില്ലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. സച്ചിയും സേതുവുമായുള്ള സൗഹൃദം ജീവിതത്തിലേക്ക് കടന്നുവന്നത് യാദൃച്ഛികമാവാം. സച്ചിയും സേതുവും സിനിമാ രംഗത്തെത്തിയത് 2005 - 06 കാലഘട്ടത്തിലാണ്. അന്നുമുതൽ നല്ലൊരു ബന്ധമുണ്ട്. അവരുമായി സിനിമാ ചർച്ചകൾ നടത്താൻ സാധിച്ചിട്ടുണ്ട്. അന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് കെ.സി. രമേശാണ്.

റോബിൻഹുഡ് എന്ന സിനിമയാണ് ആദ്യം സച്ചിയും സേതുവും തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് തനിക്കും കെ.സി.രമേശിനും കൂടുതലായി അടുക്കാൻ സാഹചര്യമുണ്ടായത്.

എറണാകുളത്തെ താജ് ഹോട്ടലിൽ നടന്ന റോബിൻഹുഡിന്റെ പൂജയിൽ ടി.എം. ജേക്കബും ദിലീപും മുഖ്യാതിഥികളായിരുന്നു. സിനിമയിൽ നായകനായി ഉദ്ദേശിച്ചിരുന്നത് ഹിന്ദിനടൻ അതുൽ കുൽക്കർണിയെയായിരുന്നു. ആ സിനിമ പല കാരണങ്ങളാൽ മുന്നോട്ടുപോയില്ല. പിന്നീട് അവർ രണ്ടുപേരും സംവിധാനം ചെയ്യാതെ അവരുടെ തിരക്കഥയിൽ പൃഥ്വിരാജിനെ വച്ച് ജോഷി ചെയ്തു.

ഈ രംഗത്തേക്ക് സജീവമായി വന്ന സച്ചിയുടെ വളർച്ച സന്തോഷത്തോടെ നോക്കിക്കാണുകയായിരുന്നു. രാഷ്ട്രീയ രംഗത്തെ തന്റെ വളർച്ചയും സച്ചി സന്തോഷത്തോടുകൂടി പറയുമായിരുന്നു. നിരന്തരമായ കഠിന പ്രയത്‌നത്തിലൂടെയാണ് സിനിമാരംഗത്ത് വളർന്നുവന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു സച്ചി. സച്ചിയുടെ വേർപാട് കുടുംബത്തിനും കലാരംഗത്തിനും സുഹൃത്തുക്കൾക്കും താങ്ങാൻ കഴിയാത്തതാണ്. സിനിമാരംഗത്തെ ആത്മാർത്ഥ സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായത്. സച്ചിയുടെ ഓർമ്മകൾക്ക് മുമ്പിൽ ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അൻവർ സാദത്ത് പറഞ്ഞു.