കൊച്ചി: തിരക്കഥകളിലൂടെയും സംവിധാനത്തിലൂടെയും മലയാള സിനിമയിൽ മായാത്ത കയ്യൊപ്പ് ചാർത്തിയ സച്ചി ഓർമ്മയായി.തൃപ്പൂണിത്തുറയിൽ താമസിക്കുന്ന മൂത്ത സഹോദരൻ രാധാകൃഷ്ണന്റെ മകനാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ എറണാകുളം രവിപുരം പൊതുശ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ നിർവഹിച്ച് ചിതയ്ക്ക് തീകൊളുത്തിയത്. സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം.കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ച് ഏറ്റവും അടുത്ത ബന്ധുക്കളും സിനിമാലോകത്തെ ഉറ്റസുഹൃത്തുക്കളായ സേതുവും സംവിധായകൻ രഞ്ജിത്തും പങ്കെടുത്തു.
വ്യാഴാഴ്ച രാത്രി പത്തരയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ അന്തരിച്ച സച്ചിയുടെ മൃതദേഹം ഇന്നലെ രാവിലെ ഏഴുമണിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. കാഴ്ചയുടെ കലയായ സിനിമയിൽ വിരാജിച്ച സച്ചി കണ്ണുകൾ ദാനം ചെയ്തിട്ടാണ് അന്ത്യയാത്രയായത്.
കൊടുങ്ങല്ലൂർ ഗൗരി ശങ്കർ ആശുപത്രിക്ക് സമീപം കുവക്കാട്ടിൽ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനായ സച്ചി (സച്ചിദാനന്ദൻ) കർമ്മസ്ഥലമായി തിരഞ്ഞെടുത്ത എറണാകുളത്തേക്കാണ് മൃതദേഹം കൊണ്ടുപോയത്.
എട്ടുവർഷത്തോളം അഭിഭാഷകനായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഹൈക്കോടതിയിലെ അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ചേംബർ ഹാളിൽ പൊതുദർശനത്തിന് വച്ചു. 10.30ന് തമ്മനം ഡി.ഡി വില്ലയിലെ വസതിയിലെത്തിച്ചു. ഭാര്യ സിജിയും ഉറ്റബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. സിനിമാലോകത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.പൃഥ്വിരാജ് ഭാര്യ സുപ്രിയയെയും കൂട്ടിയാണ് എത്തിയത്. തിരക്കഥാകൃത്ത് സേതുവും സംവിധായകൻ രഞ്ജിത്തും മുഴുവൻ സമയവും ഉണ്ടായിരുന്നു.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ചിത്രത്തിൽ നാടൻപാട്ട് പാടിയ അട്ടപ്പാടിയിലെ ആദിവാസിയായ നഞ്ചിയമ്മ ഒരു മകനെ നഷ്ടപ്പെട്ട വേദനയോടെ നിലവിളിക്കുകയായിരുന്നു.
മന്ത്രി വി.എസ്. സുനിൽകുമാർ, മേയർ സൗമിനി ജെയിൻ, നടന്മാരായ ദിലീപ്, മുകേഷ് എം.എൽ.എ ആസിഫ് അലി, ബിജു മേനോൻ, മനോജ് കെ. ജയൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, മിയ ജോർജ് എന്നിവരും സംവിധായകരായ ജോഷി, ബി. ഉണ്ണിക്കൃഷ്ണൻ, ലാൽജോസ്, മേജർ രവി, വൈശാഖ്, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, ഉദയ്‌കൃഷ്ണ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.