കൊച്ചി: ലോക്ക് ഡൗൺ ദുരിതകാലത്ത് മുളപൊട്ടിയ പുതിയ കാർഷിക സംസ്‌കാരത്തിന്റെ ഹരിതാഭയിലാണ് കേരളം. പുരയിടകൃഷി, മട്ടുപ്പാവുകൃഷി മുതൽ ഹൈടെക്ക് കൃഷിയിലേക്ക് വരെ ഒരുകൈ പയറ്റുകയാണ് നവാഗത കർഷകർ. ഇതിന്റെ പ്രതിഫലനം ഓണവിപണിയിലുണ്ടാവുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയാണ് പുതിയ കാർഷികസംസ്കാരത്തിന്റെ വിത്തുവിതച്ചത്. കൃഷി ഓഫീസുകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൃഷിക്കാവശ്യമായ സഹായങ്ങൾ തേടിയെത്തുന്നവരുടെ തിരക്കേറുകയാണ്. ഫോണിലും നിരവധി കോളുകളെത്തുന്നു. ഓൺലൈൻ ക്ലാസുകൾക്ക് പുറമേ സോഷ്യൽമീഡിയ വഴിയും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ കർഷകർക്ക് അറിവുകൾ പകർന്നുനൽകുന്നു. കൂടാതെ വിത്തിന്റെയും ജൈവവളത്തിന്റെയും മറ്റു അസംസ്‌കൃത വസ്തുക്കളുടെയും വില്പനയിലും വർദ്ധനവുണ്ട്. പച്ചക്കറികൾക്കു പുറമേ കപ്പ, ചേന, ചേമ്പ് എന്നിവയാണ് പ്രധാനമായും ഇക്കാലയളവിൽ കൃഷിയിറക്കിയിട്ടുള്ളത്. തരിശുഭൂമികളും വിളനിലങ്ങളാക്കി മാറ്റിയിരിക്കുകയാണ്.
സംയോജിത കൃഷിയിലേക്ക്
തിരിച്ചുപോവുന്നു
കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി വളർത്തൽ, താറാവ് വളർത്തൽ , മത്സ്യ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ സംരംഭങ്ങൾകൂടി ഉൾപ്പെട്ട സംയോജിത കൃഷി രീതിയിലേക്ക് തിരിച്ചു പോവുന്നവരുണ്ട്. നിലവിൽ കുറഞ്ഞ സ്ഥലത്തു പോലും കൃഷിയ്ക്കായി സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്. കൃത്യമായി പഠിച്ചാണ് ഇത്തരക്കാർ കൃഷിയിലേക്കിറങ്ങുന്നത്. ഗാർഹികാവശ്യത്തിനുള്ളവയോടൊപ്പം ചെറിയൊരുവരുമാനമാണ് ലക്ഷ്യമിടുന്നത്. ഗ്രോ ബാഗ് കൃഷി, മട്ടുപ്പാവു കൃഷി എന്നിവയ്ക്കാണ് നഗരങ്ങളിൽ പ്രിയം.
കർഷകരാകാൻ
യുവാക്കൾ
തൊഴിൽ നഷ്ടം രൂക്ഷമാവുന്നതോടെയാണ് അഭ്യസ്ഥ വിദ്യരായ യുവാക്കൾ കാർഷികവൃത്തിയിലേക്ക് തിരിയുന്നത്. പ്രൊഫഷൻ കോഴ്സുകൾ പഠിച്ചിറങ്ങിയവർ മുതൽ പ്രവാസികൾ വരെ ഇക്കൂട്ടത്തിലുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി നടത്താൻ ആഗ്രഹിക്കുന്ന ഇത്തരക്കാർ പോളി ഫാമിംഗ് പോലെയുള്ള ആധുനിക കൃഷി രീതിയിയ്ക്കാണ് പ്രാമുഖ്യം കല്പിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കൃഷി തുടങ്ങാൻ ആഗ്രഹവുമായി ഒറ്റയ്ക്കും സംഘങ്ങളായും കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തിയത് അമ്പതിലേറെ യുവാക്കളാണ്.
കാർഷിക സ്വയം പര്യാപ്തത
ലക്ഷ്യമിടുന്നവർ ഏറെ:
ഗാർഹിക ആവശ്യങ്ങൾക്കുള്ള പച്ചക്കറി കൃഷിയെന്ന രീതിയിൽ കാർഷികവൃത്തി തുടങ്ങുന്നവരുണ്ട്. ലോക്ക്ഡൗണിലെ സമയക്കൂടുതലും ഭക്ഷ്യവസ്തുക്കൾ ഭാവിയിൽ ലഭിക്കുമോ എന്നുള്ള ആദിയുമാണ് ഇത്തരക്കാരെ കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നത്. ആറുമാസത്തിനുള്ളിൽ കൂടുതൽ പേർ കൃഷിയിലേക്ക് തിരിയുമെന്നാണ് പ്രതീക്ഷ.
ഡോ. ഷിനോജ് സുബ്രഹ്മണ്യം
മേധാവി
കൃഷി വിജ്ഞാന കേന്ദ്രം