കൊച്ചി: ഷാഫി സാറിന്റെ അസോസിയേറ്റായതിനാൽ സച്ചി - സേതുവിന്റെ ആദ്യ ചിത്രമായ ചോക്ളേറ്റ് സിനിമ മുതൽ തുടങ്ങിയ സൗഹൃദമാണ്. സച്ചിയേട്ടനുമായിട്ടായിരുന്നു എനിക്ക് കൂടുതൽ അടുപ്പമെന്ന് സേതുച്ചേട്ടൻ പറയുമായിരുന്നു. അന്ന് ഞങ്ങൾ ഇരുവരും ബാച്ചിലേഴ്സ് ആയതിനാൽ ഒന്നിച്ച് യാത്രകളൊക്കെ ചെയ്ത് ഒരുപാട് സ്വപ്നങ്ങളും സിനിമാക്കാര്യങ്ങളുമൊക്കെ പങ്കുവച്ചിരുന്നു. ആ സൗഹൃദത്താലാണ് എന്റെ ആദ്യ സംവിധാന ചിത്രമായ ഡബിൾസിന്റെ തിരക്കഥാകൃത്തുക്കളായി അവർ മാറുന്നത്. തുടർന്നും സിനിമകൾ ചെയ്യണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. സച്ചിയേട്ടന്റെ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ ജ്യോത്സ്യന്റെ വേഷം ചെയ്യണമെന്ന് അദ്ദേഹമാണ് എന്നോട് ആവശ്യപ്പെടുന്നത്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടുമെന്നും പ്രായമുള്ള ഒരാളായി സങ്കല്പിച്ച് വേണം ആ കഥാപാത്രം ചെയ്യാനെന്നും എന്നോട് പറഞ്ഞു. നിരവധിപേർ ആ വേഷം നന്നായെന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചിട്ടുണ്ട്. സച്ചിയേട്ടന്റെ വിയോഗം വ്യക്തിപരമായും മലയാളസിനിമയ്ക്കും കനത്ത നഷ്ടമാണ് .

സോഹൻ സീനുലാൽ

സംവിധായകൻ, നടൻ