നെടുമ്പാശേരി: വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന വിമാന സർവീസുകൾ വർദ്ധിച്ച സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ കൂടുതൽ ഡബിൾ ചേംബർ ടാക്‌സികൾ സജ്ജമാക്കണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ല തല അവലോകന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. പുതിയ സർക്കാർ നിർദേശമനുസരിച്ച് വിമാനത്തിലെത്തുന്ന ആളുകൾ യാത്രക്കായി സ്വന്തമായി വാഹനങ്ങൾ ക്രമീകരിക്കുകയോ ടാക്‌സികളിൽ യാത്ര ചെയ്യുകയോ ചെയ്യണം. തിങ്കളാഴ്ച മുതൽ ജില്ലയിൽ ഉത്തരവ് പ്രാവർത്തികമാക്കാനാണ് തീരുമാനം. കൂടുതൽ ടാക്‌സികൾ ഏർപ്പെടുത്തുന്നതിനായി വിവിധ സംഘടനകളുമായി യോഗം ചേർന്ന് തീരുമാനമെടുക്കും.