ആലുവ: വീണ്ടുമൊരു വായനദിനം കൂടി കടന്നുപോകുമ്പോൾ അധികൃതരുടെ അനാസ്ഥയിൽ ആലുവ കുറ്റിപ്പുഴ സ്മാരക മുനിസിപ്പൽ ലൈബ്രറി നാശത്തിലേക്ക്. വർഷങ്ങളായിട്ടും ലൈബ്രറി പ്രതിനിധിയെ നിശ്ചയിക്കാത്തതിനാൽ സർക്കാർ ധനസഹായം പോലും സ്വീകരിക്കാനാകുന്നില്ല. കഴിഞ്ഞ ദിവസം ഗ്രന്ഥശാല പ്ലാറ്റിനം ആഘോഷത്തിന് ലഭിച്ച 2500 രൂപയുടെ ചെക്ക് മാറ്റാനാകാതെ വന്നതോടെയാണ് നഗരസഭ അധികാരികൾ ഈ മാനദണ്ഡം അറിയുന്നത്. ലൈബ്രറി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയ്ക്ക് മാത്രമേ തുക കൈമാറാവൂ എന്നതാണ് നിയമം. അടുത്ത ഗഡുവായി ലഭിക്കുന്ന 16,000 രൂപയുടെ ചെക്കും പ്രതിനിധി ഇല്ലെങ്കിൽ മാറ്റാനാകില്ലെന്ന് നഗരസഭയ്ക്ക് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്.
#15 വർഷമായി ലൈബ്രറിക്ക് പ്രതിനിധിയില്ല
കഴിഞ്ഞ 15 വർഷമായി നഗരസഭ ലൈബ്രറിക്ക് പ്രതിനിധിയില്ല. ലൈബ്രറി അംഗങ്ങളുടെ യോഗം വിളിച്ച് ചേർത്ത് തിരെഞ്ഞെടുപ്പ് നടത്താൻ അക്ഷര വിരോധികളായ നഗരസഭ അധികൃതർ തയ്യാറാകുന്നില്ലെന്നതാണ് പ്രശ്നം.നാഥനില്ലാത്തതിനെ തുടർന്ന് എ ഗ്രേഡായിരുന്ന ലൈബ്രറി ഇപ്പോൾ ഡി ഗ്രേഡായി കൂപ്പുകുത്തി. ഇതിനിടയിൽ നഗരവാസികളിൽ നിന്ന് നികുതിയോടൊപ്പം പിരിക്കുന്ന ലൈബ്രറി സെസ് വകമാറ്റി ചെലവഴിച്ചതായും ആരോപണമുണ്ട്.
#ധർണ നടത്തി
ലൈബ്രറി വളപ്പിൽ കുപ്പി വെള്ള പ്ളാന്റ് സ്ഥാപിക്കാൻ നഗരസഭ മാസങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല. നഗരസഭ വിവിധ സ്ഥലങ്ങളിൽ നിന്നും നീക്കിയ ഫ്ളക്സ് ബോർഡുകളെല്ലാം ലൈബ്രറി വലപ്പിൽ കൂട്ടിയിട്ടിരിക്കുകയാണ്.
ലൈബ്രറി വളപ്പിലെ മാലിന്യം നീക്കം ചെയ്യണമെന്നും, ആധുനികവത്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറ്റിപ്പുഴ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വായനശാലക്ക് മുൻപിൽ ധർണ നടത്തി. വാർഡ് കൗൺസിലർ സെബി വി. ബാസ്റ്റിൻ, കെ. ജമാലുദ്ദീൻ, ജയൻ മാലിൽ, പി. രാമചന്ദ്രൻ, അനിത കലേഷ് തുടങ്ങിയവർ പങ്കെടുത്തു.