ആലുവ: പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ വധിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പൂണിത്തുറ ചളിക്കവട്ടം ചെറുവിരിപ്പ് ലൈനിൽ മാടത്താനത്ത് തുണ്ടിയിൽ വീട്ടിൽ ചളിക്കവട്ടം ഹാരിസ് എന്നു വിളിക്കുന്ന ഹാരിസ് (37) ആണ് അറസ്റ്റിലായത്.
എൽ.ജെ.പി യുവജനവിഭാഗം ദേശീയ സെക്രട്ടറി പെരുമ്പാവൂർ സ്വദേശി അനസിനെ വധിക്കാൻ തമിഴ്‌നാട് സ്വദേശികൾക്ക് ക്വട്ടേഷൻ നൽകിയത് ഹാരീസിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് പദ്ധതിയിടുന്നതിനിടെ സംഘം പിടിയിലായി. പെരുമ്പാവൂരിൽ വിജിലൻസ് ചമഞ്ഞ് സ്വർണംതട്ടിയ സംഭവത്തിലും പൊൻകുന്നം, പാലാരിവട്ടം തുടങ്ങിയ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
കല്ലൂർക്കാട് സി.ഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ മുനമ്പം എസ്.ഐ. രാജീവ്, എ എസ്.ഐമാരായ മനോജ്, ബിജു, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ശ്യാംകുമാർ, രതീശൻ, റിതേഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.