മൂവാറ്റുപുഴ: നഗരസഭ ഒന്നാം വാർഡിലെ ഓലിപ്പാറയിൽ നിർമിച്ച ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ.സഹീർ, ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം.സീതി, പ്രമീള ഗിരീഷ് കുമാർ, കൗൺസിലർമാരായ മേരി ജോർജ് തോട്ടം, കെ.എ.അബ്ദുൽസലാം, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.കെ.നവാസ്, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി കെ.പി.അലികുഞ്ഞ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സി.എച്ച്.സലീം, കുടിവെള്ള പദ്ധതി ഗുണഭോകൃത സമിതി കൺവീനർ പി.കെ.അനിൽ, ജോയിന്റ് കൺവീനർ ടി.കെ.സജി എന്നിവർ സംസാരിക്കും.കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ വലിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി നീരോത്ത് മറ്റത്തിൽ ജോയിയാണ് നൽകിയത്. മഴക്കാലത്തും കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന ഓലിപ്പാറയിലെ 30 കുടിംബങ്ങൾക്ക് കുടിവെള്ളമെത്തുന്ന പദ്ധതി യാഥാർത്ഥ്യമായതോടെ ഓലിപ്പാറ നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായതായി വാർഡ് കൗൺസിലർകൂടിയായ നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് പറഞ്ഞു.
#പദ്ധതി ഇങ്ങനെ
മൂന്നുകണ്ടം പാടശേഖരത്തിന് സമീപം നീരോത്ത് മറ്റത്തിൽ ജോയി സൗജന്യമായി നൽകിയ സ്ഥലത്ത് സ്ഥാപിച്ച കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ഓലിപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലെത്തിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി.മൂവാറ്റുപുഴ നഗരസഭ ഒന്നാം വാർഡിൽ ഓലിപ്പാറ കുടിവെള്ള പദ്ധതിയ്ക്ക് എൽദോ എബ്രഹാം എം. എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 9.25 ലക്ഷം രൂപയും മൂവാറ്റുപുഴ നഗരസഭയിൽ നിന്നും അനുവദിച്ച 4.28 ലക്ഷം രൂപയുമടക്കം 13.53 ലക്ഷം രൂപ മുതൽ മുടക്കിയാണ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.