കൊച്ചി: ഈ വായനയിലേക്ക് മലയാളി ചുവടുവച്ചതിന് പിന്നാലെ ഇക്കുറി വായനാ ദിനാചരണവും ഓൺലൈനിലേക്ക് ചുവടുമാറ്റി. കൊവിഡ് പശ്ചാത്തലത്തിൽ നിലനിൽക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളെ തുടർന്നാണ് സംഘടനകളും വായനശാലകളും ഓൺലൈനാക്കിയത്. കൂടാതെ സ്കൂളുകളിലും ദിനാചരണം ഓൺലൈനായാണ് നടന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വായനാദിന പ്രതിജ്ഞ അദ്ധ്യാപകർ ചൊല്ലിക്കൊടുത്തു. പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ധ്യാപകർ ക്ലാസെടുത്തു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധ സംഘടനകളുടെയും വായനശാലകളുടെയും ആഭിമുഖ്യത്തിൽ ദിനാചരണം സംഘടിപ്പിച്ചു. ഓൺലൈനായി സോഷ്യൽ മീഡിയയിലൂടെ വിവിധ പരിപാടികളും സംഘടിപ്പിച്ചത്.

പറവൂർ സ്വദേശികളായ എഴുത്തുകാരുടെ പുസ്തക പ്രദർശനത്തോടെ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ വായനപക്ഷാചരം ആരംഭിച്ചു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ പറവൂർ ബാബു, ജിബി ദീപക്, ഗായകൻ അൻവിൻ കെടാമംഗലം, ലൈബ്രറി പ്രസിഡന്റ് പി.പി. സുകുമാരൻ എന്നിവർ സംസാരിച്ചു. കേരള ബാങ്കിന്റെ കാക്കനാട്ടെ ഇ.എം.എസ്. സഹകരണ ലൈബ്രറിയിൽ വീഡിയോ കോൺഫറൻസ് മുഖേന കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. രാജൻ മുഖ്യപ്രഭാഷണം നടത്തി. കവയിത്രി ഹേമ ടി. തൃക്കാക്കര ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു.

കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ, ലൈബ്രേറിയൻ കെ.ഡി. രാജേഷ് കേരള ബാങ്ക് ക്രെഡിറ്റ് പ്രൊസസ്സിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.എൻ.അനിൽകുമാർ ,ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജു പി.ജി., എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പാപ്പച്ചൻ കെ.സി. എന്നിവർ സംസാരിച്ചു. ഹൈക്കോടതി അഭിഭാഷകരുടെ സാംസ്കാരിക വേദി 'കസവ്' വായനാദിന സമ്മേളനം സംഘടിപ്പിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.പ്രകാശ് ഉദ്ഘാടനം ചെയ്തു. കസവ് പ്രസിഡന്റ് അഡ്വ.എബ്രഹാം വാക്കനാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.രാമചന്ദ്രൻ,എ.വി.എം.സലാഹുദ്ദീൻ, പി.എ.അസീസ് എന്നിവർ സംസാരിച്ചു.