തോപ്പുംപടി: ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നാൽ പിന്നെ ബോട്ട് യാഡിലെ ജോലിക്കാർക്ക് നിന്ന് തിരിയാൻ സമയം കിട്ടില്ല. അത്രയും ബോട്ടുകളാകും അറ്റകുറ്റപ്പണിക്കും മറ്റുമായി ഓരോ യാഡിലേക്കും എത്തുക. എന്നാൽ ഇത്തവണ കാര്യങ്ങൾ പതിവിന് വിപരീതമായി. യാഡുകളിൽ പണിക്ക് കയറ്റിയത് നാമാത്രമായ ബോട്ടുകൾ. ലക്ഷങ്ങൾ മുടക്കി ബോട്ടുകൾ അറ്റകുറ്റപ്പണി നടത്താൻ ഉടമകൾ തയ്യാറാകുന്നില്ല. മത്സ്യലഭ്യത കുറഞ്ഞത് പലരേയും കടുത്ത ബാദ്ധ്യതയിലാണ് എത്തിച്ചത്. ഇതാണ് നിലവിലെ അവസ്ഥക്ക് കാരണം.

ഒരു ബോട്ടിൽ മിനിമം പത്ത് പേരാണ് പുറംകടലിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നത്. ആഴ്ചകളോളം ഇവരുടെ ഭക്ഷണം, ഇന്ധന ചെലവ്,​ കൂല എന്നിവ കിഴിച്ചാൽ ഉടമയ്ക്ക് കിട്ടുന്നത് തുച്ഛമായ തുകയാണ്. കേരള തീരത്ത് ചാളയും അയലയും കിട്ടാനില്ല. ഇവ കൂട്ടത്തോടെ തമിഴ്നാട് ഭാഗത്താണ് ലഭിക്കുന്നത്. ഇതാണ് തൊഴിലാളികൾക്കും ഉടമകൾക്കും ഒരുപോലെ വിനയായത്. പ്രതിസന്ധി കടുത്തതോടെ തൊഴിലാളികൾ പലരും വിവിധ മേഖലയും തിരിഞ്ഞു. കൊവിഡ് വ്യാപനം കൂടിയായതോടെ ബുദ്ധിമുട്ട് ഇരട്ടിയായെന്ന് തൊഴിലാളികൾ പറയുന്നു.

നിരോധന സമയത്ത് 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നത് തടയണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മീൻമുട്ടയിട്ട് പ്രജനനം നടന്ന് കഴിഞ്ഞുള്ള സമയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെയടക്കം ഇവർ തൂത്തുവാരി കൊണ്ടു പോകുന്ന സ്ഥിതിയാണ്. വിദേശ ട്രോളറുകളെയും നിയന്ത്രിക്കണം. ഈ കാലയളവിൽ ഭക്ഷ്യ ധാന്യങ്ങൾ സർക്കാർ സൗജന്യമായി നൽകണമെന്നും വായ്പകൾ എഴുതിത്തള്ളണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ബോട്ടുകളുടെ അറ്റകുറ്റപ്പ്ണികൾക്ക് ലക്ഷങ്ങൾ വേണ്ടിവരും. പലരും പലിശക്ക് പണമെടുത്താണ് നവീകരണ ജോലികൾ നടത്തുന്നത്. എന്നാൽ നിരോധനം കഴിഞ്ഞ് കടലിൽ പോയാൽ ഇതിന്റെ ഒരു ശതമാനം പോലും പണം തിരികെ ലഭിക്കില്ല. കടലിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ തമിഴ്നാട് അതിർത്തിയിലേക്ക് പോയതും കേരളക്കരയിൽ മീൻ ഇല്ലാത്തതും തിരിച്ചടിയായി.

ജോസഫ് സേവ്യർ കളപ്പുരക്കൽ,

സംസ്ഥാന ബോട്ടുടമ അസോസിയേഷൻ

ട്രോളിംഗ് നിരോധനം 52 ദിവസത്തിൽ നിന്ന് 90 ദിവസമാക്കി ഉയർത്തണം. കടലിൽ പ്രജനനം നടക്കുന്ന മൺസൂൺ കാലയളവിൽ വള്ളങ്ങളും വിദേശ ട്രോളറുകളും വന്ന് മത്സ്യക്കുഞ്ഞുങ്ങളെയടക്കം പിടികൂടുന്ന സ്ഥിതി അവസാനിപ്പിക്കണം.

വി.ഡി.മജീന്ദ്രൻ

സ്വതന്ത്ര്യ മൽസ്യതൊഴിലാളി യൂണിയൻ

ട്രോളിംഗ് നിരോധന കാലത്ത് അറ്റകുറ്റപ്പണികൾക്കായി യാഡുകളിൽ കയറ്റിയിരുന്ന ബോട്ടുകൾ കു.റഞ്ഞു. ഭീമമായ പണം മുടക്കി നവീകരിക്കുന്ന ഉടമകൾ തയ്യാറാകാത്തതാണ് കാരണം. ലോക്ക് ഡൗൺ മൂലം രണ്ടര മാസം പട്ടിണിയായിരുന്നു. ഇപ്പോൾ ബോട്ടും വരുന്നില്ല. വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ജോയ് മാത്യു

യാർഡ് ഉടമ

കൊച്ചി.