ആലുവ: കീഴ്മാട് മുള്ളൻകുഴിയിൽ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെയടക്കം മർദ്ദിച്ചതായി പരാതി. സ്ത്രീകളടക്കം അഞ്ച് പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ആറ് പേരടങ്ങുന്ന ഗുണ്ടാസംഘം കുഴിക്കാട്ടുമാലിൽ ഉമ്മറിന്റെ വീട് കയറി കുടുംബാംഗങ്ങളെ അക്രമിക്കുകയായിരുന്നു. ഉമ്മർ, ഭാര്യ റഹിയാനത്ത്, മകൾ അഫ്‌ന, അക്രമം തടയാനെത്തിയ അയൽവാസികളായ അലി, സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ജനകീയ ആരോഗ്യവേദി കൺവീനറായ അലി മുള്ളൻകുഴിക്ക് ഇരുമ്പ് വടിക്ക് തലയ്ക്കടിയേറ്റു. സാരമായി പരിക്കേറ്റ അലിയെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്മാട് കുന്നുംപുറം സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു.