 പ്രതികൾ 1.40 ലക്ഷം രൂപ പിഴയൊടുക്കണം

 ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ നാലു പ്രതികൾക്കും എറണാകുളം പോക്സോ കോടതി 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തോപ്പുംപടി പ്യാരി ജംഗ്ഷനിൽ പുതുശേരി വീട്ടിൽ അരുൺ സ്റ്റാൻലി (23), തുണ്ടിപ്പറമ്പിൽ വിഷ്‌ണു (24), തുറവൂർ പള്ളിത്തോട് വലിയവീട്ടിൽ ക്രിസ്റ്റഫർ (27), മുണ്ടംവേലി ചിറയ്ക്കപ്പറമ്പിൽ ആന്റണി ജിനേഷ് (27) എന്നിവർക്കാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പതിനാറുകാരി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. നാലുപ്രതികളും ചേർന്ന് 1.40 ലക്ഷം രൂപ പിഴയൊടുക്കണം. ഇല്ലെങ്കിൽ കൂടുതൽ കാലം തടവുശിക്ഷ അനുഭവിക്കണമെന്നും പിഴത്തുക കെട്ടിവച്ചാൽ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് നൽകാനും വിധിയിൽ പറയുന്നു. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് കൂടുതൽ തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും.

 കേസിങ്ങനെ

2018 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഗൂഢാലോചന നടത്തി പെൺകുട്ടിയെ രാത്രി ഒമ്പതുമണിയോടെ ഫോണിൽ വിളിച്ചു വീടിനുപുറത്തിറക്കി. തുടർന്ന് ബൈക്കിൽ കയറ്റി ഫോർട്ടുകൊച്ചി ബീച്ചിൽ കൊണ്ടുപോയി മദ്യപിപ്പിച്ചു. കാമുകനായ ഒന്നാംപ്രതി അരുൺ മട്ടാഞ്ചേരിയിലെ ഒരു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് എറണാകുളം നഗരത്തിലെ ഒരു ലോഡ്ജിൽ എത്തിച്ചു മറ്റു പ്രതികൾ പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ ഇരയെ തോപ്പുംപടിയിൽ ഉപേക്ഷിച്ചു മുങ്ങി. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പരാതി നൽകിയതിനെത്തുടർന്ന് വിഷ്ണു, ക്രിസ്റ്റഫർ, ആന്റണി എന്നിവരെ 2018 ഒക്ടോബർ 17 നും അരുണിനെ 20 നും അറസ്റ്റുചെയ്തു. സംഭവത്തെത്തുടർന്ന് വിഷാദരോഗത്തിന് അടിമയായ പെൺകുട്ടി കോടതിയിൽ മൊഴി നൽകിയശേഷം നാലുമാസം കഴിഞ്ഞ് 2019 സെപ്തംബർ 29ന് ആത്മഹത്യ ചെയ്തു.

കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. നിരപരാധികളാണെന്നും പ്രായമായ മാതാപിതാക്കൾക്ക് തങ്ങൾ മാത്രമാണ് സഹായമെന്നും പ്രതികൾ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ സംഭവത്തെത്തുടർന്ന് പെൺകുട്ടി ആത്മഹത്യചെയ്ത സംഭവം ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ പരമാവധി ശിക്ഷ നൽകണമെന്ന് വാദിച്ചു.