കോലഞ്ചേരി: വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി ജംഗ്ഷൻ ഉൾപ്പെടുന്ന 17ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇന്നലെ അർദ്ധരാത്രി മുതൽ നിയന്ത്റണങ്ങൾ പ്രാബല്യത്തിൽ വന്നു. കളമശേരി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അറയ്ക്കപ്പടി പെരുമാനി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച പാശ്ചാത്തലത്തിലാണ് ഇവിടെ കണ്ടെയ്ൻമെന്റ് സോണാക്കിയത്. പെരുമ്പാവൂർ പട്ടിമറ്റം റോഡിലെ മേപ്രത്തുപടി കഴിഞ്ഞുവരുന്ന തോടുമുതൽ ജയഭാരത് കോളേജ് വരെ വരുന്ന പ്രധാന റോഡടക്കം ഈ വാർഡിലുള്ളതാണ്. ഇവിടെ പ്രധാന റോഡുകൾ പൊലീസ് ബ്ളോക്ക് ചെയ്യും. അറയ്ക്കപ്പടി പെരുമാനി റോഡിൽ കനാൽ പാലത്തിലാണ് വാർഡിന്റെ അടുത്തഅതിർത്തി. ഇവിടെയും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കും.

കളമശേരി പൊലീസ് സ്റ്റേഷനിലെ പത്ത് പൊലീസുകാരടക്കം നാല്പത്താറുപേർ സമ്പർക്ക പട്ടികയിലുണ്ട്. ഓണംകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറടക്കം രണ്ടുപേരും അറയ്ക്കപ്പടിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറും നഴ്സുമാരും അടുത്ത ബന്ധുക്കളായ ഏഴുപേരും വിവിധ വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും സമ്പർക്ക പട്ടികയിലുണ്ട്. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണങ്ങളില്ല. പി.പി. റോഡുവഴി വരുന്ന വാഹനങ്ങൾ പരിശോധനയ്ക്ക് ശേഷമേ കടത്തിവിടുകയുള്ളൂ.