കൊച്ചി: മഴ കനത്താൽ വടുതല പുഴയിലെ ബണ്ടും അനുബന്ധ മണൽത്തിട്ടയും എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും വെള്ളത്തിലാകുമെന്ന് ആശങ്ക. വല്ലാർപാടം റെയിൽപാത ( വേമ്പനാട് പാലം )നിർമ്മാണവുമായി ബന്ധപ്പെട്ട് പത്തു വർഷം മുമ്പ് പുഴയിൽ നിർമ്മിച്ച ബണ്ടാണ് വില്ലനായത്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ മണ്ണും ചെളിയും കൂടി അടിഞ്ഞ് ഒന്നര ഏക്കറോളം കായൽ കരയായി രൂപംകൊണ്ടു. ബണ്ടും മണൽതിട്ടയും നീക്കം ചെയ്തില്ലെങ്കിൽ വടുതല,ചേരാനല്ലൂർ, കടമക്കുടി, പറവൂർ ,കടുങ്ങല്ലൂർ പ്രദേശങ്ങൾ വെള്ളത്തിലാകും. വെള്ളക്കെട്ട് നിവാരണത്തിനായി ജില്ല ഭരണകൂടം നടപ്പിലാക്കുന്ന ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി വേമ്പനാട് പാലത്തിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യുമെന്ന പ്രതീക്ഷയും അസ്തമിച്ചതോടെ നാട്ടുകാർ രോഷാകുലരാണ്.

ഒഴുക്ക് നിലച്ചു

കായലിലെ 850 മീറ്ററോളം ദൂരത്ത് ചെളി അടിഞ്ഞതിനാൽ 80 മീറ്റർ ഭാഗത്തുമാത്രമാണ് ഇപ്പോൾ നീരൊഴുക്കുള്ളത്. മണിക്കൂറുകളോളം തുടർച്ചയായി മഴ പെയ്താൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിലാകുമെന്ന് ചുരുക്കം. വടുതല ഭാഗത്തുവച്ച് പേരണ്ടൂർ കനാൽ കായലിൽ ചേരും. പെരിയാറും ഇങ്ങോട്ട് ഒഴുകിയെത്തും. അതിനാൽ തന്നെ പേരണ്ടൂർ കനാൽ മാത്രം ശുദ്ധീകരിച്ചതുകൊണ്ട് വെള്ളപ്പൊക്കം ഒഴിവാകുമെന്ന് കരുതൽ തെറ്റാകും.

ഭീഷണിയായി കൊവിഡും

കൊവിഡിനെ ഭയന്ന് വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും നിന്നു വരുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. വെള്ളം പൊങ്ങിയാൽ ക്വാറന്റൈനിൽ കഴിയുന്നവരെ മാറ്റി പാർപ്പിക്കുന്നത് തലവേദനയാകും. വേമ്പനാട് പാലത്തിലെ ചെളിയും മണ്ണും മൂലം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം അടഞ്ഞു

ജില്ല ഭരണകൂടത്തിന്റെപിഴവ്

വടുതല ഭാഗത്ത് ഇത്ര ഗുരുതരമായ പ്രശ്നം നിലനിൽക്കുമ്പോഴാണ് പെരിയാറിലെ ഒഴുക്ക് തടസപ്പെടുത്തുന്ന വിധത്തിൽ ചെളിയോ മണലോ അടിഞ്ഞുകൂടിയിട്ടില്ലെന്ന് പറവൂർ ,കണയന്നൂർ താലൂക്ക് തഹസീൽദാർമാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിന്റെ യാഥാർത്ഥ്യം കണ്ടെത്താൻ ജില്ല ഭരണകൂടം യാതൊരു ശ്രമവും നടത്തിയതുമില്ല. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും അധികം നാശനഷ്ടങ്ങൾ സംഭവിച്ചത് പറവൂർ, കടമക്കുടി, ചേരാനല്ലൂർ, വടുതല ഭാഗങ്ങളിലാണ്. ചെളിയും കോൺക്രീറ്റ് അവശിഷ്‌ടങ്ങളും കായലിൽ തള്ളിയ റെയിൽവെ ഇതു നീക്കം ചെയ്യേണ്ടത് ഇറിഗേഷൻ വകുപ്പാണെന്ന് പറഞ്ഞ് കൈയ്യാെഴിഞ്ഞു. കൊച്ചിൻ പോർട്ട് ട്രസ്റ്റും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായില്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് ജില്ല ഭരണകൂടം ഈ ചെളി അടിയന്തരമായി നീക്കം ചെയ്യണം

സന്തോഷ് ജേക്കബ്

ജില്ലാ സമിതി അംഗം

ദേശീയ വിവരാവകാശ കൂട്ടായ്മ