കൊച്ചി : പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പിഴ ചുമത്താൻ പാസ്‌പോർട്ട് അതോറിട്ടിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. അപേക്ഷയിൽ യഥാർത്ഥ വിവരങ്ങൾ മറച്ചുവയ്ക്കുക, വ്യാജരേഖകൾ സമർപ്പിച്ച് പാസ്‌പോർട്ട് നേടുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിഴ ഈടാക്കാൻ അധികാരമില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി. പാസ്പോർട്ട് അപേക്ഷകളിലെ വീഴ്ചകൾക്കും കുറ്റങ്ങൾക്കും പാസ്‌പോർട്ട് അതോറിട്ടി പിഴ ചുമത്തുന്നത് നിയമപരമായ അധികാരമില്ലാതെയാണെന്നാരോപിച്ച് സിറ്റിസൺസ് ലീഗൽ റൈറ്റ്സ് അസോസിയേഷൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പാസ്പോർട്ടിനുള്ള അപേക്ഷകളിൽ തട്ടിപ്പുണ്ടെന്ന് കണ്ടെത്തിയാൽ പാസ്പോർട്ട് അതോറിട്ടി നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ തടവും പിഴയും വിധിക്കാനുള്ള അധികാരം ക്രിമിനൽ നടപടി ചട്ടപ്രകാരം കോടതിക്കാണ്. 1967ലെ പാസ്പോർട്ട് നിയമത്തിൽ ഇക്കാര്യം വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിഴചുമത്താൻ അധികാരമില്ലെങ്കിലും തട്ടിപ്പുകണ്ടെത്തിയാൽ അപേക്ഷ നിരസിക്കാനും പാസ്പോർട്ട് തടഞ്ഞുവയ്ക്കാനും റദ്ദാക്കാനും അതോറിട്ടിക്ക് അധികാരമുണ്ട്. പിഴ ചുമത്താൻ അതോറിട്ടിക്ക് അധികാരം ഇല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഇതുവരെ ചുമത്തിയ പിഴ തിരിച്ചുനൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഇതനുവദിച്ചില്ല.