പനങ്ങാട്: കുമ്പളം പഞ്ചായത്തിനെ പൂർണമായും ഡിജിറ്റൽമാപ്പിലേക്ക് പകർത്തുന്ന ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ്റ് സിസ്റ്റം (ഐ.പി.എം.എസ്.) എന്ന പ്രോജക്റ്റിന്റെ ഉദ്ഘാടനം എം. സ്വരാജ് എം.എൽ.എ നിർവഹിച്ചു. ഡ്രോൺ, ജി.പി.എസ് എന്നിവ വഴി പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്പിലൂടെ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഭവനങ്ങൾ, വ്യക്തികൾ അടക്കമുള്ള മുഴുവൻ വിവരങ്ങളും വിരൽതുമ്പിലാവുകയാണെന്ന് പദ്ധതി കരാറെടുത്തിട്ടുളള ഊരാളുങ്കൽ സൊസൈറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവയുടെ അധികാരപരിധിയിൽ വരുന്ന പ്രകൃതി - മനുഷ്യവിഭവങ്ങളുടെ കൃത്യമായ വിവരങ്ങളില്ലാതിരുന്നതിനാൽ നേരിട്ട ബുദ്ധിമുട്ടുകൾ ഇതോടെ പരിഹരിക്കപ്പെടും.
മുനിസിപ്പാലിറ്റി, പഞ്ചായത്ത് അതിർത്തികളും നികുതിപരിധിയിൽ വരാത്ത കെട്ടിടങ്ങളും, കെട്ടിടങ്ങളുടെ യഥാർത്ഥ തറവിസ്തീർണം, കെട്ടിടങ്ങളുടെ അനധികൃത ഉപയോഗം മൂലമുണ്ടാകുന്ന നികുതിചോർച്ച എന്നിവയും മാപ്പിംഗിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. പകർച്ചവ്യാധികൾ, ദുരന്തനിവാരണം എന്നീ സന്ദർഭങ്ങളിൽ കൃത്യമായ സ്ഥല, വീട്ടുവിവരങ്ങൾ ലഭിക്കുന്നതിനും ആപ്പ് ഉപകരിക്കും.
വ്യക്തിവിവരങ്ങൾ തെളിയിക്കുന്നതിനുള്ള യാതൊരുരേഖയും ഈമാപ്പിംഗ് സർവേയിൽ സമർപ്പിക്കേണ്ടില്ല. റേഷൻ കാർഡ്, കെട്ടിടനമ്പർ എന്നിവയും ക്ഷേമപദ്ധതികൾക്കാവശ്യമായ വിവരങ്ങളും നൽകണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
# പഞ്ചായത്തിന്റെ പരിധിയിലുളള മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പെടെയുള്ള സമ്പൂർണവിവരങ്ങൾ ഉൾപ്പെടുത്തി മാപ്പ് തയ്യാറാക്കും.
# റോഡ്, ലാൻഡ്മാർക്ക്, തണ്ണീർത്തടം, സൂക്ഷ്മതല ഭൂവിനിയോഗമാപ്പുകൾ എന്നിവ ഒരു വെബ്പോർട്ടലിൽ സേർച്ച്ചെയ്ത് പരിശോധിക്കാനാകും.
# പഞ്ചായത്തിലെ റോഡുകൾ, പാലം, കൽവെർട്ട്, ഡ്രൈനേജ്, കനാൽ, റോഡ് ജംഗ്ഷൻ, റോഡ്സിഗ്നൽ, പാർക്കിംഗ് ഏരിയ എന്നിവയുടെ ഫോട്ടോയോടുകൂടിയ വിവരങ്ങളും തരിശുനിലങ്ങൾ, വയലുകൾ എന്നിവയുടെ പൂർണവിവരങ്ങളും മാപ്പിൽ ശേഖരിക്കും.