bridge
തോട്ടുമുഖം തുരുത്ത് പാലത്തിന് സമാന്തരമായുള്ള ഇരുമ്പ് നടപ്പാലം തുരുമ്പെടുത്ത് നശിച്ചതിനെ തുടർന്ന് യാത്ര നിരോധിച്ച് ഫ്ളെക്സ് സ്ഥാപിച്ചിരിക്കുന്നു

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം പാലത്തിനോട് ചേർന്ന് കാൽനട യാത്രക്ക് നിർമ്മിച്ച ഇരുമ്പ് പാലം തുരുമ്പ് പാലമായിട്ടും അധികൃതർക്ക് അനക്കമില്ല. കാൽനട യാത്ര നിരോധിച്ചതായി മുന്നറിയിപ്പ് ബോർഡ് വച്ച് പി.ഡബ്ല്യു.ഡി തലയൂരിയ അവസ്ഥയാണ്. എട്ട് വർഷം മുമ്പ് അൻവർസാദത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് അഞ്ച് അടി വീതിയിൽ നടപ്പാലം നിർമ്മിച്ചത്. പെരിയാറിൽ നിന്നുള്ള തുരുത്തി തോടിന് കുറുകെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച തോട്ടുമുഖം പാലത്തിന് സമാന്തരമായാണ് നടപ്പാലം. ഇരുവശത്തേക്കും വാഹനങ്ങൾ പോകുമ്പോൾ കോൺക്രീറ്റ് പാലത്തിൽ കാൽനട യാത്ര ദുസഹമാണ്. കോൺക്രീറ്റ് പാലത്തിൽ ഫുഡ്പാത്തുമില്ല.

#തുരുമ്പെടുത്ത് പാലം

ഇതേതുടർന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോൺക്രീറ്റ് പാലത്തിന് സമാന്തരമായി ഇരുമ്പ് പാലം നിർമ്മിച്ചത്. ഇരുമ്പ് കുറ്റികളിൽ തന്നെയാണ് പാലം പൂർണമായി നിർമ്മിച്ചത്. പ്ളാറ്റ് ഫോമിൽ വെള്ളം കെട്ടികിടന്ന് പാലം തുരുമ്പെടുത്ത് നശിച്ചു. രണ്ട് വർഷം മുമ്പ് തുരുമ്പെടുത്ത ഭാഗത്തെല്ലാം വേറെ ഷീറ്റുകൾ ചേർത്ത് അറ്റകുറ്റപ്പണി നടത്തി. ഇപ്പോൾ മറ്റ് ഭാഗങ്ങളിലാണ് തുരുമ്പെടുത്തത്. പാലത്തിലൂടെ നടന്നാൽ ആളുകൾ തോട്ടിൽ വീഴുമെന്ന് ഉറപ്പായതോടെയാണ് യാത്ര നിരോധിച്ചത്.

#വാക്ക് പാലിച്ചില്ല

കാൽനട യാത്രക്കാർലാം മുഖ്യപാലം വഴിയാണ് പോകുന്നത്. ഇത് വാഹനാപകടങ്ങൾക്ക് വഴിവെക്കുന്ന അവസ്ഥയാണ്. ലോക്ക് ഡൗണിനെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഭാഗ്യത്തിന് അപകടങ്ങളൊന്നുമുണ്ടായിട്ടില്ല. സ്കൂൾ തുറന്നാൽ രാവിലെയും വൈകിട്ടുമെല്ലാം ഇവിടെ വലിയ തിരക്കായിരിക്കും. ഇത് കൂടുതൽ അപകടത്തിന് വഴിയൊരുക്കും.ആറ് മാസം മുമ്പ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നവീകരിക്കുന്നതിന് നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിച്ചില്ല.

കുഞ്ഞുമുഹമ്മദ് സെയ്താലി,കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

# അടുത്തയാഴ്ച്ച പണിയാരംഭിക്കും

പാലത്തിന്റെ പ്ളാറ്റ് ഫോമിലെ ഇരുമ്പ് ഷീറ്റ് മാറ്റി പെയിന്റ് ചെയ്യുന്നതിന് കരാർ നൽകിയതായി പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) വിഭാഗം അധികൃതർ അറിയിച്ചു. നിലവിൽ നാല് എം.എം മെറ്റലാണ് പ്ളാറ്റ് ഫോമിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് ആറ് എം.എം ആക്കും. മറ്റ് രണ്ട് പാലങ്ങളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ 20 ലക്ഷത്തിലേറെ രൂപക്കാണ് കരാർ നൽകിയിട്ടുള്ളത്. അടുത്തയാഴ്ച്ച പണിയാരംഭിക്കും.