കോലഞ്ചേരി: കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്കിടെ ജില്ലയിലെ രണ്ടു പൊലീസുകാർക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെ സേനയിലാകെ ആശങ്കയും അമർഷവുമാണ്. കൊവിഡ് പ്രതിരോധ ഭാഗമായി വകുപ്പു തലത്തിൽ മാസ്ക് പോലും ലഭ്യമാക്കാതെ ജോലിയെടുപ്പിക്കുന്നതിലാണ് അമർഷം.മറ്റു വകുപ്പുകളിൽ നിന്നുള്ളവർക്ക് സാനിറ്റൈസറും ആവശ്യത്തിനുള്ള മാസ്‌കും, ഗ്ലൗസും ഉൾപ്പെടെ നൽകുമ്പോൾ ലാത്തി മാത്രമാണ് പൊലീസിന് സുരക്ഷക്കുള്ളത്. സ്റ്റേഷൻ പരിധിക്കുള്ള വിവിധ വീടുകളിൽ ഐസലേഷനിൽ കഴിയുന്നവരെ സന്ദർശിച്ചും കാര്യങ്ങൾ തിരക്കേണ്ട ജോലിയും പൊലീസിനാണ് ഇതും ഇവർക്ക് ഭീതി ജനിപ്പിക്കുന്നു. ഞങ്ങളും മനുഷ്യരാണ്, ലാത്തി കൊണ്ടു തടഞ്ഞാൽ നിൽകുന്നതല്ല കൊവിഡ് എന്നു മാത്രമാണ് പൊലീസുകാർക്ക് പറയാനുള്ളത്.
#മാസ്ക് ലഭിക്കുന്നില്ല
കൊവിഡ് രോഗ ബാധ തുടങ്ങിയ സമയത്ത് കുറച്ച് മാസ്ക് നൽകിയതല്ലാതെ ഏപ്രിൽ മാസത്തിനു ശേഷം ഇവർക്ക് മാസ്കോ , സാനിറ്റൈസറോ ലഭ്യമാക്കിയിട്ടില്ല. മറ്റു വകുപ്പുകളിൽ നിന്നുള്ളവർക്ക് സാനിറ്റൈസറും ആവശ്യത്തിനുള്ള മാസ്‌കും, ഗ്ലൗസും ഉൾപ്പടെ നൽകുമ്പോൾ ലാത്തി മാത്രമാണ് പൊലീസിന് സുരക്ഷക്കുള്ളത്.ഞങ്ങളും മനുഷ്യരാണ്, ലാത്തി കൊണ്ടു തടഞ്ഞാൽ നിൽകുന്നതല്ല കൊവിഡ് എന്നു മാത്രമാണ് പൊലീസുകാർക്ക് പറയാനുള്ളത്.
#തല വേദനയായി എയർപോർട്ട് ഡ്യൂട്ടി
എയർപോർട്ട് ഡ്യൂട്ടിയും തല വേദനയാണ്. ഓരോ ദിവസവും വിവിധ ലോക്കൽ സ്റ്റേഷനുകളിൽ നിന്നുമാണ് പൊലീസിനെ വിന്യസിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറാണ് ജോലി. വിദേശത്തു നിന്നുമെത്തുന്നവർ വിമാനമിറങ്ങിയ ശേഷം പുറത്ത് വന്ന് വാഹനത്തിൽ കയറി പോകും വരെയുള്ള കാര്യങ്ങൾ പൊലീസാണ് പരിശോധിക്കുന്നത്. ഇവരോടൊപ്പം നിന്ന് ഇവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ, ഇവരെ സ്വീകരിക്കാൻ വന്നവരെ, ഇവർ പോകുന്ന വാഹന ഡ്രൈവർമാരെ ഉൾപ്പടെ കണ്ട് ചോദിച്ച് കാര്യങ്ങൾ മനസിലാക്കി റിപ്പോർട്ടു ചെയ്യലാണ് ജോലി.ഇതിനായി പലപ്പോഴും ഇവരുടെ അടുത്ത് പോകേണ്ടി വരുന്ന നിസഹായാവസ്ഥയും ഇവർക്കുണ്ട്.
#59 പൊലീസുകാർ ക്വാറന്റൈയിനിൽ
ജില്ലയിൽ നിലവിൽ രോഗബാധിതരായ പൊലീസുകാരുടെ സമ്പർക്ക പട്ടികയിൽ നിരവധി സഹ പ്രവർത്തകരുണ്ട്. ഇവരുടെ സ്രവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.59 പേർ ക്വാറന്റൈയിനിലുമാണ്. കളമശേരി പൊലീസ് സ്റ്റേഷൻ തൽകാലം അടച്ചിടാതെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.