കുറുപ്പംപടി: കൂവപ്പടി പഞ്ചായത്തിലെ കാവുംപുറം മേഖലയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പശുക്കൾ ചത്തു. നിരവധി ആളുകൾ പട്ടിയുടെ കടിയേറ്റ് ചികിത്സയിലാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പേപ്പട്ടി കാവുംപുറം പ്രദേശത്ത് ആക്രമണം നടത്തിയത്. വാഴപ്പനാലി ജയൻ, ലക്ഷ്മി വിലാസം ശശീന്ദ്രഭട്ട്, പഞ്ചായത്ത് അംഗം ശ്യാമള രാജൻ എന്നിവരുടെ പശുക്കളാണ് ചത്തത്. പട്ടിയുടെ കടിയേറ്റ ദിവസം തന്നെ പശുക്കൾക്ക് വാക്‌സിനേഷൻ നൽകിയെങ്കിലും ദിവസങ്ങൾക്കകം ചാവുകയായിരുന്നു. ശശീന്ദ്രഭട്ടിന്റെ പശു ഇന്നലെയാണ് ചത്തത്. പശുക്കൾ ചത്തതിനെ തുടർന്ന് ഈ വീടുകളിൽ നിന്ന് പാലു വാങ്ങിയിരുന്ന സമീപവാസികളും പേവിഷത്തിനെതിരെയുള്ള കുത്തിവെയപ് എടുത്തിരിക്കുകയാണ്. ഈ പ്രദേശത്ത് പേപ്പട്ടികളുടെ ശല്യം കൂടിയിരിക്കുന്നതിനാൽ പേപ്പട്ടികളെ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. പേപ്പട്ടിയുടെ ആക്രമണത്തിൽ പശുക്കൾ ചത്തതിന് വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകണമെന്നും തെരുവ് നായക്കളെയും പേപ്പട്ടികളെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് അനുവാദം നൽകണമെന്നും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ആവശ്യപ്പെട്ടു..