മൂവാറ്റുപുഴ: പാറമടകളിൽ മാലിന്യം തള്ളുന്നത് പതിവായി. കഴിഞ്ഞ ദിവസം നഗരത്തിലെ തീകൊള്ളി പാറയിലുള്ള പാറമടയിൽ തള്ളുന്നതിനായി കൊണ്ടുവന്ന മാലിന്യ ലോറി നാട്ടുകാർ പിടികൂടി നഗരസഭ ആരോഗ്യ വിഭാഗത്തെ ഏൽപ്പിച്ചു. പൊലീസ് സഹായത്തോടെ മാലിന്യ ലോറിയും ഡ്രെെവറേയും സഹായിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് നിന്നും മൂവാറ്റുപുഴ തീ കൊള്ളി പാറയിലെ പാറമടയിൽ തള്ളാൻ കൊണ്ടുവന്ന ആശുപത്രി മാലിന്യ മടക്കമുളളവയുമായെത്തിയ നാഷനൽ പെർമിറ്റ് ലോറിയാണ് നാട്ടുകാർ തടഞ്ഞത്. ടർപൊളിൻ കൊണ്ടു മൂടിയ നിലയിൽ എത്തിയ ലോറി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ദുർഗന്ധം വമിക്കുന്ന മാലിന്യമാണെന്നറിഞ്ഞത്. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.ലോറിയുടെ മുന്നിൽ വഴി കാണിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘവും ഉണ്ടായിരുന്നങ്കിലും നാട്ടുകാർ വണ്ടി തടഞ്ഞതോടെ ഇവർ രക്ഷപ്പെട്ടു. കോഴിക്കോട് രാമനാട്ടുകരയിൽ നിന്ന് എത്തിയ ലോറി പരിശോധിച്ചതോടെ ഇതിൽ മാലിന്യമാണന്ന് കണ്ടെത്തി. ഇവിടെ പ്രവർത്തനരഹിതമായി കിടക്കുന്ന പാറമടയിൽ തള്ളാൻ കൊണ്ടുവന്നതായിരുന്നു മാലിന്യം.മേഖലയിൽ പ്രവർത്തിക്കാതെ കിടക്കുന്ന പാറമടകളിൽ മാലിന്യം തള്ളുന്നത് പതിവായിട്ട് നാളുകളായി. പായിപ്ര ,മാനാറി പ്രദേശങ്ങളിലെ ഉപയോഗശൂന്യമായ പാറമടയിൽ മാലിന്യം തള്ളനെത്തിയ ലോറി ഏതാനം നാളുകൾക്ക് മുമ്പാണ് പിടികൂടിയത്. പായിപ്ര പഞ്ചായത്തിലെ നിരപ്പ് ആട്ടായം പ്രദേശങ്ങലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതും നാട്ടുകാർ തടഞ്ഞിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ റോഡുകളിലെ ആളേൊഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം വാഹനത്തിൽ എത്തിച്ച് തള്ളുന്നത് പതിവായിട്ടുണ്ട്. ഇതിന് പുറമെയാണ് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു മാലിന്യവണ്ടികൾ എത്തുന്നത്.