high-court

കൊച്ചി : കൊവിഡ് ബാധിതനായ പൊലീസുകാരൻ ഹൈക്കോടതിയിലെത്തിയ സംഭവത്തെത്തുടർന്ന് കോടതിമുറികളും ഒാഫീസുകളും ഇന്നലെ അണുവിമുക്തമാക്കി. കളമശേരി സ്റ്റേഷനിലെ രോഗബാധയുള്ള സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ജൂൺ 17 നാണ് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ കേസിലെ റിപ്പോർട്ടുമായി ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതിയിലെ എസ്.ബി.ഐ ഗേറ്റിലൂടെ അകത്തുകടന്ന പൊലീസുകാരൻ റിപ്പോർട്ട് നൽകി മടങ്ങുകയായിരുന്നു. ഇദ്ദേഹം കടന്നുപോയെന്നു കരുതുന്ന ഹൈക്കോടതി പരിസരങ്ങളാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കിയത്. ഹൈക്കോടതിയിൽനിന്ന് മടങ്ങിയ പൊലീസുകാരൻ തൊട്ടടുത്ത അഭിഭാഷക ചേംബർ കെട്ടിടത്തിലെ ഇന്ത്യൻ കോഫിഹൗസിൽ പോയെന്നും സൂചനയുണ്ട്.

 മൂന്നുപേർ ക്വാറന്റൈനിൽ

പൊലീസുകാരനുമായി കോടതിയിൽ അടുത്തിടപഴകിയ രണ്ട് വിജിലൻസ് ലെയ്സൺ ഓഫീസർമാരുൾപ്പെടെ മൂന്നുപേരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. പൊലീസുകാരന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടതിനെത്തുടർന്നാണിത്. വി.കെ. ഇബ്രാഹിംകുഞ്ഞും കൂട്ടരും തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നൽകിയ ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് കോടതിയിൽ നൽകിയത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് റിപ്പോർട്ടുമായി കോടതിയിലെത്തിയത്. രോഗബാധിതനുമായി നേരിട്ട് സമ്പർക്കം പുലർത്തിയില്ലെങ്കിലും ഏഴു ദിവസത്തേക്ക് സ്വമേധയാ ക്വാറന്റൈനിൽ പോവുകയാണെന്ന് വിജിലൻസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. രാജേഷ് വ്യക്തമാക്കി. അതേസമയം ഇൗ ഹർജി പരിഗണിച്ച ജസ്റ്റിസ് സുനിൽതോമസും കോടതി ജീവനക്കാരും സ്വമേധയാ ക്വാറന്റൈനിൽ പ്രവേശിച്ചെന്ന് പ്രചരണം ഉണ്ടായിരുന്നെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല.

 30 വരെ സിറ്റിംഗ് ഒഴിവാക്കണമെന്ന്

നിലവിലെ സാഹചര്യത്തിൽ ജൂൺ 30 വരെ വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള സിറ്റിംഗ് മതിയെന്നും നേരിട്ടുള്ള സിറ്റിംഗ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ കത്തു നൽകി. തിങ്കളാഴ്ച ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.