photo
നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറത്ത് വീടിലേക്ക് കടൽ വെള്ളം അടിച്ച് കയറിയ നിലയിൽ

വൈപ്പിൻ: കടൽ വെള്ളം അടിച്ച് കയറിയതിനെതുടർന്ന് നായരമ്പലം വെളിയത്താം കടപ്പുറത്തെ ഇരുപതോളം വീടുകൾ ഭാഗികമായി നശിച്ചു. വീട്ടുപകരണങ്ങൾക്കും വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. അറക്കൽ ജോസഫ് , കുരിശിങ്കൽ ഷിജു, പള്ളിപ്പറമ്പിൽ ഷിജു, ടി എൻ ലവൻ, കാറാംപറമ്പിൽ ജോസഫ്, തേവരക്കാട് അബ്രോസ്, കളവമ്പാറ രൂപേഷ്, അറക്കൽ അന്തോണിക്കുട്ടി തുടങ്ങിയ ഇരുപത് പേരുടെ വീടുകളിലാണ് നാശനഷ്ടങ്ങളുണ്ടായത്. ഇവരിൽ ചിലർ വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. വീടുകൾ നഷ്ടമായവർക്ക് പത്ത് സെന്റ് സ്ഥലവും വീടും സർക്കാർ നൽകണമെന്ന് ജില്ലാ ചെറുവഞ്ചി മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.കടൽ വെള്ളം അടിച്ച് കയറിയ പ്രദേശങ്ങൾ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ് സോളിരാജ് , എടവനക്കാട് സഹകരണബാങ്ക് പ്രസിഡന്റ് ടി.എ ജോസഫ് , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ ഇക്ബാൽ, എ.കെ സരസൻ എന്നിവർ സന്ദർശിച്ചു.

#ജിയോബാഗുകൾ ഒലിച്ചുപോയി

ഇതിനിടെ എടവനക്കാട് പഴങ്ങാട് കടപ്പുറത്ത് കടലാക്രമണം തടയുന്നതിന് സ്ഥാപിച്ച ജിയോബാഗുകൾ ചിലത് താഴ്ന്ന് പോകുകയും ചിലത് ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. കടൽ തിരമാലകൾ അടിച്ച്കയറുമ്പോഴാണ് ജിയോ ബാഗുകൾ താഴുന്നതും ഒലിച്ചു പോകുന്നതും.