കൊച്ചി: കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത പരിഗണിച്ച് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്ന് ഓൾ കേരള ബാങ്ക് എംപ്ളോയിസ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കണ്ടെയ്ൻമെന്റ് സോണിലെ ഗുരുതര ഭീഷണിയുള്ള പ്രദേശങ്ങളിൽ ബാങ്കുകളും താൽക്കാലികമായി അടച്ചിടണം. മറ്റുള്ളിടത്ത് പ്രവൃത്തിസമയം 10 മുതൽ 12 വരെയായി നിജപ്പെടുത്തണം. ഇടപാടുകാരുടെ കൂട്ടമായ വരവിനെ നിയന്ത്രിക്കുന്നതിനായി ആരോഗ്യപ്രവർത്തകരെയോ പൊലീസിനെയോ ബാങ്കുകളിൽ ലഭ്യമാക്കണം. ഇക്കാര്യത്തിൽ ജില്ല ഭരണകൂടം ആവശ്യമായ നിരീക്ഷണവും മേൽനോട്ടവും ഇടപെടലും ഉറപ്പാക്കണം.സാമൂഹിക അകലം നിലനിർത്തുന്നതിനും ഇടപാടുകാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തും സർക്കാർ ഓഫീസുകളെ പോലെ ബാങ്കുകളെയും 50 ശതമാനം ജീവനക്കാരെ വച്ചുകൊണ്ട് പ്രവർത്തിപ്പിക്കണം. ശനിയാഴ്ച അവധി ബാങ്കുകൾക്കു കൂടി ബാധകമാക്കണം. പൊതുജനങ്ങളുമായി ഏറ്റവും അധികം സമ്പർക്കം പുലർത്തുന്ന ബാങ്ക് ജീവനക്കാരെ കൊവിഡ് പരിശോധനയിൽ ഉൾപ്പെടുത്തണമെന്നും ജനറൽ സെക്രട്ടറി സി.ഡി.ജോൺസൺ അഭ്യർത്ഥിച്ചു.