കോലഞ്ചേരി :വിദ്യാദീപ്തി ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ഐരാപുരം എസ്.സി കോളനിയിൽ വി.പി.സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.കൊച്ചി റിഫൈനറിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 60 ഓൺലൈൻ പഠന കേന്ദ്രങ്ങൾ ഒരുക്കും.എട്ട് പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലെ സാംസ്‌കാരിക നിലയങ്ങൾ,കമ്യൂണിറ്റി ഹാളുകൾ, വിജ്ഞാനവാടികൾ, അങ്കണവാടികൾ, ലൈബ്രറികൾ എന്നിവിടങ്ങളിലാകും പഠന കേന്ദ്രങ്ങൾ. പഞ്ചായത്തുകൾക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ഇ.വർഗീസ്, നളിനി മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ലത സോമൻ, ബേസിൽ കെ. ജോർജ്,ആതിര അയ്യപ്പൻകുട്ടി,എ.വി ജോയി, കെ.വി. എൽദോ തുടങ്ങിയവർ പ്രസംഗിച്ചു.