കൊച്ചി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ മലയാളി ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകി ഡൽഹി ആശുപത്രി. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.പി.എസ് ഹെൽത്ത്‌കെയറിനു കീഴിലുള്ള ഡൽഹി മെഡിയോർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിനാണ് ആശുപത്രി അധികൃതർ അടിയന്തര സഹായവും പിന്തുണയുമായി എത്തിയത്. കുത്തബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ മെഡിയോർ ആശുപത്രിയിൽ ബ്ലഡ്ബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചൽ ജോസഫിന്റെ കുടുംബത്തിനാണ് സഹായം ലഭ്യമാക്കിയതെന്ന് കൊച്ചിയിലെ വി.പി.എസ് ഇന്ത്യ ഓഫീസ് അധികൃതർ അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റേച്ചൽ ജോസഫ് (48) ബുധനാഴ്ചയാണ് മരിച്ചത്. വി.പി.എസ് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്റെ അഭ്യർത്ഥനയെ തുടർന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് കുടുബത്തിന് അടിയന്തര സഹായം കൈമാറി. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വസതിയിൽ റേച്ചലിന്റെ കുടുംബാംഗം ഫാദർ ജയ് വർഗീസ് സഹായം ഏറ്റുവാങ്ങി.ജോസഫ് വർഗീസാണ് റേച്ചലിന്റെ ഭർത്താവ്. മകൻ അക്ഷയ് വർഗീസ് ജോസഫ് ഗുഡ്ഗാവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. 2001 മുതൽ കുടുബം ഡൽഹിയിലാണ് താമസം.