ആലുവ: എടത്തലയിലെ പ്രതിരോധ വകുപ്പ് സ്ഥാപനമായ എൻ.എ.ഡി അധികൃതർ നാട്ടുകാരെ ദുരിതത്തിലാക്കുന്നതായി പരാതി. പരിസര റോഡുകളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി സ്ഥാപിച്ച പോസ്റ്റുകൾ നീക്കണമെന്ന് എൻ.എ.ഡി ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി.മുതിരക്കാട്ടുമുകൾ, പൈനാട്ട് ക്ഷേത്രം, നടത്തേടത്ത് മൂല, എ.കെ.ജി കോളനി പ്രദേശങ്ങളിലെ റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാനായി 52 പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് എടത്തല പഞ്ചായത്ത് 7.5 ലക്ഷം രൂപ അടച്ചിരുന്നു. പോസ്റ്റുകൾ സ്ഥാപിച്ച് തുടങ്ങിയതോടെയാണ് എതിർപ്പുമായി എൻ.എ.ഡി അധികൃതരെത്തിയത്. പണി തടയുകയും സ്ഥാപിച്ച പോസ്റ്റുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകളായിട്ടും പുതുക്കി പണിയുന്നതിനോ നവീകരിക്കുന്നതിനോ അനുമതി നൽകുന്നില്ല. സുരക്ഷ മേഖല എന്നതിനാൽ എൻ.എ.ഡിയുടെ അനുമതിയുണ്ടെങ്കിലെ പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകൂ. അതിനാൽ നിരവധി കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന വീടുകളിൽ താമസിക്കുന്നത്. ഇതിന് പുറമെയാണ് എ.കെ.ജി.കോളനി, നടത്തേടത്ത് മൂല പ്രദേശത്തെ അപകടാവസ്ഥയിലായ റോഡുകൾ, കുടിവെള്ള പൈപ്പ് ലൈനുകൾ തുടങ്ങിയവ നന്നാക്കാൻ കഴിയാത്തത്. രണ്ട് വർഷം മുമ്പ് നടത്തിയ ചർച്ചകളുടെ തുടർ നടപടികളുടെ ഭാഗമായി വിശദമായ സ്‌കെച്ച് റിപ്പോർട്ടുകൾ എൻ.എ.ഡി അധികാരികൾക്ക് എത്രയും വേഗം പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് സി.പി.എം മുതിരക്കാട്ടുമുകൾ ബ്രാഞ്ച് ആവശ്യപ്പെട്ടു.