കൊച്ചി: പിതൃത്വത്തിലുള്ള സംശയം മൂലം 54 ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ തലയ്ക്കടിച്ചശേഷം കട്ടിലിലേക്കു വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ അറസ്റ്റുചെയ്തു. ഗുരുതര പരിക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ ഐ.സി.യുവിൽ ചികിത്സയിലാണ്.
അങ്കമാലി ജോസ്‌പുരത്ത് വാടകയ്ക്ക് കുടുംബസമേതം താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജു തോമസാണ് (40) ജോസറ്റയെന്ന കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭാര്യയുടെ കൈയിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി തലയ്ക്ക് രണ്ടുതവണ കൈകൊണ്ട് അടിച്ചശേഷം കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് അബോധാവസ്ഥയിലായി. ഇയാളും സഹോദരിയും നേപ്പാൾ സ്വദേശിയായ ഭാര്യയും ചേർന്ന് കുഞ്ഞിനെ ആദ്യം അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലെത്തിച്ചു. പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ച് അബോധാവസ്ഥയിലായെന്നാണ് പറഞ്ഞത്. കുഞ്ഞിന്റെ നില ഗുരുതരമായതിനാലാണ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഷൈജു നൽകിയ വിശദീകരണത്തിൽ സംശയം തോന്നിയ കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. വ്യാഴാഴ്ച രാത്രി കുഞ്ഞു കരഞ്ഞപ്പോൾ ഇയാൾ ക്രൂരമായി മർദ്ദിച്ചെന്നും എതിർത്തപ്പോൾ തന്നെയും അടിച്ചെന്നും ഭാര്യ പൊലീസിനോടു പറഞ്ഞു. കുഞ്ഞിനെ മുമ്പ് പലതവണ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും മൊഴി നൽകി.
അങ്കമാലിയിലും പരിസരങ്ങളിലും ഫുഡ് ഡെലിവറി നടത്തിയിരുന്ന ഷൈജു നേപ്പാൾ സ്വദേശിനിയെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ഒരുവർഷം മുമ്പ് നേപ്പാളിൽ വച്ച് വിവാഹം കഴിച്ചതാണ്. തുടർന്ന് അങ്കമാലിയിൽ തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം വാടകവീട്ടിൽ താമസം തുടങ്ങുകയായിരുന്നു.
ഷൈജുവിനെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ മേൽനോട്ടത്തിൽ ചെങ്ങമനാട് സി.ഐ ടി.കെ. ജോസി, എസ്.ഐ അശോകൻ, എ.എസ്.ഐ വർഗീസ്, ബിജു, പ്രമോദ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.