tiktok

കൊച്ചി: ഇന്ത്യ-ചൈന സംഘർഷവും അതിര്‍ത്തി തര്‍ക്കവും തുടര്‍ന്നുണ്ടായ സൈനിക നടപടികളും വ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വമ്പന്‍ പ്രചാരണം ആണിപ്പോള്‍ നടക്കുന്നത്. ഇത് കൂടാതെ ചൈനയുമായി ബന്ധപ്പെട്ട അന്‍പത്തിരണ്ടോളം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ ,അല്ലെങ്കില്‍ ഉപയോഗം നിര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉപദേശിച്ചതായി റിപ്പോർട്ടുകളും വന്നിരുന്നു. ആപ്പുകളുടെ കൂട്ടത്തില്‍ കേരളത്തില്‍ വമ്പന്‍ പ്രചാരമുള്ള ഹ്രസ്വ വീഡിയോ ആപ്പ് ടിക് ടോക്കുമുണ്ട് (TikTok).

ടിക് ടോക് ആപ്പിനെ നിയന്ത്രിക്കുകയോ, ഒഴിവാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ പകരം മറ്റൊരു ആപ്പുണ്ടോ?പകരം വയ്ക്കാവുന്ന മൂന്ന് 'ഇന്ത്യന്‍' ഹ്രസ്വ വീഡിയോ ആപ്പുകള്‍ ഇതാ:

മിത്രോം ആപ്പ്

ടിക് ടോക്കിനുള്ള ഇന്ത്യന്‍ ബദല്‍ എന്ന് ഏറ്റവും പ്രചാരം ലഭിച്ച ആപ്പ് ആണ് മിത്രോം ആപ്പ്. പോളിസി നിയമങ്ങള്‍ ലംഘിച്ചതിനാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും പുറത്തായെങ്കിലും, രണ്ട് ദിവസത്തിനുള്ളില്‍ മിത്രോം തിരിച്ചെത്തി. മിത്രോം ആപ്പ് 50 ലക്ഷത്തിലധികം പേര്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ടിക് ടോക്കിന് സമാനമായ വീഡിയോ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, കാമറ ഡിസൈന്‍ എന്നിവയാണ് മിത്രോം ആപ്പിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നത്.

ബോലോ ഇന്ത്യ ആപ്പ്

അടുത്തകാലത്താണ് ബോലോ ഇന്ത്യ ആപ്പ് പ്ലേസ്റ്റോറിലും. ഐഓഎസിലും പ്രത്യക്ഷപെട്ടു തുടങ്ങിയത്. ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ സൃഷ്ടിക്കാനും, കാണാനും സൗകര്യമൊരുക്കുന്ന ബോലോ ഇന്ത്യ ആപ്പ് ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, കന്നഡ, മറാത്തി, പഞ്ചാബി, ഒഡിയ എന്നീ ഒന്‍പത് ഭാഷകളെ പിന്തുണയ്ക്കും. പ്ലേ സ്റ്റോറില്‍ 4.6-സ്റ്റാര്‍ റേറ്റിംഗ് ഉള്ള ആപ്പ് ആണ് ബോലോ ഇന്ത്യ.പ്ലേ സ്റ്റോറില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, ബോലോ ഇന്ത്യ അപ്ലിക്കേഷന് ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകളുണ്ട്.

റോപോസോ

ബോലോ ഇന്ത്യ പോലെ പുത്തന്‍ ആപ്പ് അല്ല റോപോസോ. 2014 മുതല്‍ നിലവിലുണ്ടെങ്കിലും ടിക് ടോക് പോലെ വമ്പന്‍ പ്രചാരം ലഭിച്ചിട്ടില്ല എന്ന് മാത്രം.അതിന് പ്രധാന കാരണം മിത്രോം ആപ്പ് പോലെ ടിക് ടോക് ആപ്പിന്റെ തനിപ്പകര്‍പ്പല്ല റോപോസോ എന്നുള്ളതാണ്. പ്ലെ സ്റ്റോറില്‍ 4.5 റേറ്റിംഗും ഐഓഎസ്സില്‍ 4.7 റേറ്റിംഗും ഉള്ള റോപോസോയില്‍ വിവിധ ഫില്‍ട്ടറുകള്‍, സ്റ്റിക്കറുകള്‍, ഇഫക്റ്റുകള്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ സൃഷ്ടിക്കാം.തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, പഞ്ചാബി, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും റോപോസോ ആപ്ലിക്കേഷന്‍ പിന്തുണയ്ക്കും.