
ബ്രസീലിയ: ലോകത്തിനുമേല്‍ കൊവിഡ് പിടിമുറുക്കുമ്പോൾ പ്രതിദിനം ഒന്നരലക്ഷം പേരാണ് രോഗികളായി മാറുന്നത്. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 87 ലക്ഷം കടന്നു. നാലര ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് റഷ്യയാണ്. മരണസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് ബ്രിട്ടനും.രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാം സ്ഥാനത്ത്. നിലവില്‍ ബ്രസീലിലാണ് ഏറ്റവും വേഗത്തില്‍ രോഗം പടരുന്നത്.
അതേസമയം, ബ്രസീലില്‍ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 1038568 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണ അരലക്ഷത്തിലേക്ക് അടുക്കുകയാണ്. 49090 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയ്ക്ക് ശേഷം രോഗികളുടെ എണ്ണം 10 ലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് ബ്രസീല്‍.
രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും ബ്രസീലില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല. ദേശീയതലത്തില്‍ ഇതുവരെ ലോക്ക് ഡൗണോ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും സ്വന്തം നിലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ നീക്കുകയാണ്. രോഗബാധിതരുടെ എണ്ണവും, മരണസംഖ്യയും കുത്തനെ ഉയരുമ്പോഴാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. ഒരു നിയന്ത്രണവും ആവശ്യമില്ലെന്ന നിലപാടാണ് പ്രസിഡന്റ് ബോള്‍സനാരോ തുടക്കം മുതല്‍ സ്വീകരിച്ചത്.