gulf

മനാമ: ബഹ്‌റൈനില്‍ കൂടുതല്‍ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടേക്കമെന്ന റിപ്പോർട്ടുകളുമായി ഗള്‍ഫ് മാദ്ധ്യമങ്ങൾ. പൊതുമേഖലയില്‍ നൂറുകണക്കിന് പ്രവാസികളെ പിരിച്ചു വിട്ട ബഹ്‌റൈന്‍ സര്‍ക്കാര്‍ നടപടി വരും മാസങ്ങളില്‍ ആവര്‍ത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.പാര്‍ലമെന്ററി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് പുറത്തു വന്നത്. 17 ലക്ഷത്തോളം ജനസംഖ്യയുള്ള ബഹ്‌റൈനില്‍ പകുതിയിലേറെയും പ്രവാസികളാണ്.

വരുംകാലത്ത് ബഹ്‌റൈനിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ ജോലിയ്ക്ക് വെയ്ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിവരം. കൊറോണ വൈറസ് സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായുണ്ടാകുന്ന തൊഴില്‍ നഷ്ടത്തില്‍ നിന്ന് സ്വദേശികളെ സംരക്ഷിക്കാനാണ് ബഹ്‌റൈന്റെ നീക്കം.മാര്‍ച്ച് മാസത്തില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 11 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് അനുവദിച്ചിരുന്നു.

ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് വെള്ളം, വൈദ്യുതി, മറ്റ് മുനിസിപ്പല്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി സാമ്പത്തിക സഹായങ്ങള്‍ തുടര്‍ന്നും നല്‍കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ശമ്പളം നല്‍കാനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ആലോചനയുണ്ട്.കൊറോണ പ്രതിസന്ധി കാര്യമായി ബാധിച്ച ഹോസ്പിറ്റാലിറ്റി, ടൂറിസം, ഭക്ഷണശാലാ മേഖലകള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ തുറക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.