കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ബി.എം.എസ് പ്രക്ഷോഭത്തിലേക്ക്. ലോക്ക് ഡൗണിന്റെ ദുരിതത്തിൽ കഴിയുന്ന ജനങ്ങൾക്ക് ഇന്ധന വിലവർദ്ധനവ് താങ്ങാൻ കഴിയില്ലെന്ന് ബി.എം.എസ് സംസ്ഥാന സമിതി പറഞ്ഞു. പ്രക്ഷോഭങ്ങളുടെ ഭാഗമായി 22, 23, 24 തിയതികളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥ് അറിയിച്ചു. ഇന്ന് ടാക്സി തൊഴിലാളികളും നാളെ ഓട്ടോറിക്ഷാ തൊഴിലാളികളും 24 ന് ബസ്, ലോറി തൊഴിലാളികളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ധനവില വർദ്ധനവും നികുതിഭാരവും ജനങ്ങൾ താങ്ങാൻ കഴിയാത്തതാണ്. നികുതി കുറച്ച് വില വർദ്ധനവ് ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ലോക്ക് ഡൗൺ മൂലം വിഷമത്തിലായ പൊതുഗതാഗത മേഖലക്ക് താങ്ങാൻ കഴിയാത്ത വില വർദ്ധനവ് ജനജീവിതം താറുമാറാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.