photo
പിഴല- മൂലമ്പിള്ളി പാലം

വൈപ്പിൻ: 84 കോടി രൂപ ചെലവിൽ നിർമ്മിച്ച പിഴല മൂലമ്പിള്ളി പാലം ഇന്ന് വൈകീട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫെറൻസ് വഴിയാണ് ചടങ്ങ്. പ്രോട്ടോകോൾ പ്രകാരം ക്ഷണിക്കപ്പെട്ടവർ കളക്ട്രേറ്റിലെ കോൺഫറൻസ് ഹാളിൽ ഇരുന്ന് ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. എസ് ശർമ്മ എം.എൽ.എ, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു എന്നിവർ സംസാരിക്കും.മൂലമ്പിള്ളി ചാത്തനാട് ഹൈവെ പ്രൊജക്ടിൽ ഉൾപ്പെടുന്ന മൂലമ്പിള്ളി പിഴല , പിഴല കടമക്കുടി, കടമക്കുടി ചാത്തനാട് പാലങ്ങളും പിഴല ചേന്നൂർ ചരിയംതുരുത്ത് റോഡിന്റെയും ഈ റൂട്ടുകളിലെ പാലങ്ങളുടെയും നിർമ്മാണത്തിന് 51 കോടി രൂപ വകയിരിത്തിയിട്ടുണ്ട്. കടമക്കുടി ചാത്തനാട് പാലം പൂർത്തിയായെങ്കിലും ഇരുകരകളിലേയും അപ്പ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകേണ്ടതുണ്ട്. പിഴല കടമക്കുടി പാലത്തിന് കിഫ്ബിയിൽ നിന്ന് 37 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

#പിഴല- മൂലമ്പിള്ളി പാലം

20 വർഷം മുൻപ് ഗോശ്രീ പാലങ്ങളുടെ ശിലാസ്ഥാപനചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ പിഴലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു പിഴല മൂലമ്പിള്ളി പാലം. കടമക്കുടി ദ്വീപ് സമൂഹങ്ങളുടെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനായിരുന്നു ഈ പാലത്തിന്റെ നിർമ്മാണം കൊണ്ട് ഉദേശിക്കുന്നത്. 2005 ഡിസംബറിൽ ജിഡ ജനറൽ കൗൺസിൽ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.പാലത്തിന് അനുബന്ധമായി 14.5 കോടി ചെലവിൽ പിഴല കണക്ടിവിറ്റിയും നിർമ്മിച്ചിട്ടുണ്ട്.