കൊച്ചി: പുതുക്കിയ ബസ് നികുതിയും ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി നിരക്കും സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് അധിക ബാദ്ധ്യതയാവുന്നു. അദ്ധ്യാപകർക്ക് ശമ്പളം നൽകാനാവാതെ ബുദ്ധിമുട്ടുമ്പോഴാണ് കനത്ത നികുതിയും വൈദ്യുതി ബില്ലും എത്തിയത്.
എയ്ഡഡ് സ്‌കൂളുകൾക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.സി ഉൾപ്പെടെ അൺ എയിഡഡ് സ്‌കൂളുകൾക്കും ബസുകൾക്ക് വ്യത്യസ്ത നിരക്കാണ് തീരുമാനിച്ചത്. അൺ എയ്ഡഡ് സ്‌കൂളുകളിലെ മൂന്നു മാസമായി നിറുത്തിയിട്ട ബസുകൾക്കാണ് നികുതി ചുമത്തിയത്. സർക്കാർ എയിഡഡ് മേഖലയിലെ സ്‌കൂൾ വാഹനങ്ങൾക്ക് മാറ്റം ബാധകമല്ല. ഇക്കാര്യങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി കൗൺസിലൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ കേരള വർക്കിംഗ് പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യരുടെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ അടിയന്തര സംസ്ഥാന നിർവാഹകസമിതി യോഗം ചേർന്നു.

പുതുക്കിയ നികുതി താരിഫ് പ്രകാരം
നികുതി വർദ്ധനവ്

20 സീറ്റിൽ കുറഞ്ഞ വാഹനം: വർഷത്തിൽ നാലു തവണയായി 500 രൂപ (2000)
20 സീറ്റ് മുകളിലുള്ള വാഹനം: ആയിരം രൂപ നാല് തവണകളായി (4000)
20 കുട്ടികളിൽ താഴെയുള്ള വാഹനങ്ങൾ: ഒരു സീറ്റിന് 50 രൂപ വച്ച് 1000 രുപ
20 സീറ്റ് മുകളിലുള്ള വാഹനങ്ങൾ: 100 രൂപ ക്രമത്തിൽ സീറ്റ് തിട്ടപ്പെടുത്തി ഒരു ബസിന് ഒരു വർഷം 20,000 രൂപ

വൈദ്യുതി നിരക്കും ഇടിവെട്ട്

മാർച്ച് മുതൽ അടഞ്ഞു കിടക്കുന്ന സ്കൂളുകൾക്ക് വൻ നിരക്കിലാണ് വൈദ്യുതി ബില്ല് ലഭിച്ചത്. ഹൈക്കോടതി വിധിയുടെ ആനുകൂല്യം താരീഫ് നിർണയത്തിലെ അപാകത മൂലം അൺഎയ്ഡഡ് സ്കൂളുകൾക്ക് ലഭിക്കില്ല.

കനത്ത സാമ്പത്തിക ബാദ്ധ്യത

മോട്ടോർ വാഹന വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും നിലപാടിൽ അൺ എയ്ഡഡ് സ്‌കൂളുകൾക്ക് കനത്ത സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. വിവേചനങ്ങൾക്കെതിരെ കോടതിയെ സമീപിക്കുന്നതിനും സംസ്ഥാനത്തെ അംഗീകൃത സി.ബി.എസ്.ഇ സ്‌കൂളുകളെ ഏകോപിച്ച് തുടർപ്രവർത്തനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഡോ. ഇന്ദിര രാജൻ

ദേശീയ സെക്രട്ടറി ജനറൽ

കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ്