കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്‌.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെട്ടൂർ മേക്കാട്ട് സഹൽ ഹംസയെ (23) കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസിൽ പത്താം പ്രതിയായ സഹലിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെത്തുടർന്നാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ച എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയ സഹലിനെ കൊരട്ടിയിലെ ഡിറ്റെൻഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെതുടർന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റി. അഭിമന്യുവിനെ കുത്താനുപയോഗിച്ച ആയുധം കണ്ടെടുക്കേണ്ടതുണ്ടെന്നും ഇതിനായി പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അസി.കമ്മിഷണർ എസ്.ടി സുരേഷ്‌കുമാർ പറഞ്ഞു.

സഹൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെ കർണാടകയിൽ ഒളിവിലായിരുന്നു. കീഴടങ്ങിയ ദിവസം രാവിലെ നെട്ടൂരിലെ വീട്ടിലെത്തി. തുടർന്ന് അഭിഭാഷകന്റെ സഹായത്തോടെയാണ് കോടതിയിലെത്തിയത്. കർണാടകയിലെ ഒളി സങ്കേതങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും അസി.കമ്മിഷണർ വ്യക്തമാക്കി.