കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി എം.ബി.ബി.എസ് ഹൗസ് സർജൻസി വിദ്യാർത്ഥികൾ. മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയപ്പോൾ ഹൗസ് സർജൻസി സമയത്ത് ലഭിക്കേണ്ട പ്രായോഗിക ജ്ഞാനം നിഷേധിക്കുന്നുവെന്നാണ് ആക്ഷേപം. കോളേജിലെ മുഴുവൻ ഹൗസ് സർജൻസി വിദ്യാർത്ഥികളും കൊവിഡ് ഡ്യൂട്ടിയിലാണ്. മറ്റൊരു മെഡിക്കൽ കോളേജിലും ഈ അവസ്ഥയില്ല.അതേസമയം ജൂലായ് ഒന്നു മുതൽ ഹൗസ് സർജൻസി വിദ്യാർത്ഥികൾക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പഠന സൗകര്യം ഒരുക്കുമെന്ന് അധികൃതർ പറയുന്നു.
എറണാകുളം മെഡിക്കൽ കോളേജിൽ 72 ഹൗസ് സർജൻസിക്കാരുണ്ട്. വിമാനത്താവളത്തിൽ നിന്ന് ലക്ഷണങ്ങളുമായെത്തുന്ന രോഗികൾക്ക് ആദ്യഘട്ട ചികിത്സ ഇവിടെയായിരുന്നു. ഹൗസ് സർജൻസി വിദ്യാർത്ഥികളടക്കം എല്ലാവർക്കും അന്ന് മുതൽ കൊവിഡ് ഡ്യൂട്ടി തുടങ്ങി. പലർക്കും പല വാർഡുകളിലായിരുന്നു ഡ്യൂട്ടി. ചിലർക്ക് കളക്ട്രേറ്റിലെ കൺട്രോൾ റൂമിലും.
രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയും ജില്ലയിലെ കൂടുതൽ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാകുകയും ചെയ്തിട്ടും വിദ്യാർത്ഥികളെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയില്ല. പല തവണ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു.
കൂടുതൽ ജൂനിയർ ഡോക്ടർമാരെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചാൽ നിലവിലുള്ള ആൾക്ഷാമം പരിഹരിക്കാം.
എറണാകുളം മെഡിക്കൽ കോളേജിനെ കൊവിഡ് ആശുപത്രി ആക്കിയത് മാറ്റുകയോ അല്ലെങ്കിൽ ഹൗസ് സർജൻസി വിദ്യാർത്ഥികളെ മറ്റ് ആശുപത്രികളിലേക്ക് പരിശീലനത്തിന് വിടുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. പ്രിൻസിപ്പൽ ഇടയ്ക്കിടെ മാറുന്നതും പ്രശ്നമാണ്.
ഹൗസ് സർജൻസിയുടെ പ്രാധാന്യം
മെഡിക്കൽ പഠനത്തിലെ പ്രധാന ഏടാണ് ഹൗസ് സർജൻസി. നാലുവർഷത്തെ തിയറി പഠനത്തിന്റെ തുടർച്ചയായി പ്രസവമെടുക്കൽ, ശസ്ത്രക്രിയ തുടങ്ങി പലതിലും പ്രായോഗിക പരിശീലനം വിദ്യാർത്ഥികൾ സ്വായത്തമാക്കുന്ന കാലഘട്ടമാണിത്. പ്രായോഗിക ജ്ഞാനം ലഭിക്കാതെ പുറത്തിറങ്ങുന്നവരെ പൂർണ ഡോക്ടർമാരായി കരുതാനാവില്ല.
''മറ്റു മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മികച്ച ഡോക്ടർമാരായി ഇറങ്ങും. ഞങ്ങൾക്കും സർട്ടിഫിക്കറ്റ് കിട്ടും. രോഗം എന്താണെന്ന് തിരിച്ചറിയാൻ ഞങ്ങൾക്ക് പറ്റും. പക്ഷേ, അത്യാഹിത വിഭാഗത്തിൽ പോലും ആവശ്യമായ ചികിത്സ നൽകാനാവില്ല''
ഹൗസ് സർജൻസി വിദ്യാർത്ഥി
എറണാകുളം മെഡിക്കൽ കോളേജ്