ആലുവ: അശോകപുരം കൊച്ചിൻ ബാങ്ക് കവലയിലെ നവീകരണത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കും. മഴ മാറിയാൽ വെള്ളക്കെട്ടുള്ള സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത സാധാരണ നിലയിലാക്കുമെന്നും വെള്ളം ഒഴുകി പോകുന്നതിന് സൗകര്യമൊരുക്കുമെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.'അശോകപുരത്ത് കൂനിന്മേൽകുരുവായി റോഡ് നവീകരണം' എന്ന തലക്കെട്ടിൽ കഴിഞ്ഞ 20ന് കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി.
റോഡിലെ കുഴിയടക്കുന്നതിനായി കോൺക്രീറ്റ് കട്ടകൾ സ്ഥാപിച്ചതിനെ തുടർന്ന് ഈ ഭാഗം അമിതമായി ഉയർന്നതാണ് വെള്ളക്കെട്ടിന് കാരണമായത്. മാത്രമല്ല, ഈ ഭാഗത്ത് നിന്നും വെള്ളം ഒഴുകി പോകുന്നതിനും സൗകര്യമൊരുക്കിയില്ല. ഇതേതുടർന്ന് അപകടാവസ്ഥയിലാകുകയും പരിസരത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം തെറിക്കുന്ന അവസ്ഥയുമായി. ഇതുസംബന്ധിച്ചാണ് കേരളകൗമുദി വാർത്ത റിപ്പോർട്ട് ചെയ്തത്.
#മഴയെ തുടർന്ന് അറ്റകുറ്റപ്പണി നിർത്തി വച്ചു
ഇന്നലെ അറ്റകുറ്റപ്പണി നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
ചെറുകുഴികൾ അടയ്ക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ മുടക്കിയപ്പോൾ രൂപപ്പെട്ടത് വെള്ളക്കെട്ടും ഗതാഗതകുരുക്കും.
#പി.ഡബ്ളിയു.ഡി മന്ത്രിക്കും പരാതി നൽകും
എൻ.എ.ഡി റോഡ് സംഗമിക്കുന്ന ഭാഗത്തും 50 മീറ്റർ മാറി എടയപ്പുറം റോഡ് സംഗമിക്കുന്ന ഭാഗത്തും ചെറിയ കുഴികൾ അടക്കുന്നതിന്റെ പേരിലാണ് അശാസ്ത്രീയമായി ആവശ്യത്തിലേറെ സ്ഥലത്ത് കോൺക്രീറ്റ് കട്ടകൾ വിരിച്ചതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇത് സംബന്ധിച്ച് ചിലർ പി.ഡബ്ളിയു.ഡി മന്ത്രിക്കും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.