panitheeratha-veedu
വിമലയും കുടുംബവും നിർമ്മാണം പൂർത്തിയാവാത്ത വീടിനു മുന്നിൽ.

പറവൂർ: പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണ പദ്ധതിയിൽപ്പെടുത്തി വീട് അനുവദിച്ച കുടുംബത്തിന് രണ്ടു ഗഡുക്കളായി ലഭിച്ച രണ്ടര ലക്ഷം രൂപയുമായി കരാറുകാരൻ മുങ്ങി. കാരാർ വ്യവസ്ഥയിലെ പകുതി നിർമ്മാണം മാത്രമാണ് നടത്തിയിട്ടുള്ളത്. വടക്കേക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം ചാറക്കാട്ട് താമസിയ്കുന്ന കൂർക്കനാട് വിമലയ്ക്കാണ് ഈ ഗതിയുണ്ടായത്. മേൽക്കൂരയുടെ വാർക്ക ജോലി വരെ രണ്ടര ലക്ഷം രൂപയും അവസാന ഗന്ധുവായ ഒന്നര ലക്ഷം രൂപയും കിട്ടുമ്പോൾ അവസാനഘട്ട ജോലികൾ പൂർത്തിയാക്കുമെന്നായിരുന്ന കരാർ വ്യവസ്ഥ. താമസിച്ചിരുന്ന വീടു പൊളിച്ചു മാറ്റിയതിനു ശേഷമാണ് പുതിയ വീടു നിർമ്മാണം തുടങ്ങിയത്. പഴയ വീടു പൊളിച്ചപ്പോൾ കിട്ടിയ കല്ലും ഓടും മറ്റുമുപയോഗിച്ചുണ്ടാക്കിയ താൽകാലിക ഷെഡിലാണ് വിമലയും മകൻ കണ്ണനും ഭാര്യയും രണ്ടു പെൺകുട്ടികളും താമസിക്കുന്നത്. വീട് നിർമ്മാണത്തിലും അപാകതകളുണ്ടായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച കളക്ടേറ്റിലും പഞ്ചായത്തിലും പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും വിമലയുടെ മകൻ കണൻ പറഞ്ഞു.