ആലുവ: ഒന്നര പതിറ്റാണ്ടിലേറെയായി ഉപയോഗിക്കുന്ന വഴി അടച്ചുകെട്ടാനുള്ള നീക്കത്തിനെതിരെ നിയമനടപടി സ്വീകരിച്ച കുടുംബത്തിനെതിരെ ഊരുവിലക്കുമായി റെസിഡന്റ്സ് അസോസിയേഷൻ. 105 കുടുംബങ്ങൾ അംഗങ്ങളായ ചൂണ്ടി കൈരളി നഗർ റെസിഡന്റ്സ് അസോസിയേഷനെതിരെ പരാതിയുമായി വീട്ടമ്മ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
കൈരളി നഗറിനോട് ചേർന്നുള്ള സ്ഥലത്ത് താമസിക്കുന്ന പയ്യപ്പിള്ളി വീട്ടിൽ ജെൻസി ബാബുവും കുടുംബവുമാണ് പരാതിക്കാർ. കഴിഞ്ഞ മാസം 22ന് അസോസിയേഷൻ അച്ചടിച്ച് അംഗങ്ങൾക്ക് നൽകിയ സർക്കുലറിലാണ് ഊരുവിലക്ക് അറിയിപ്പ്.
'നമ്മൾ എല്ലാവരെയും പ്രതിയാക്കി രണ്ട് വർഷം മുമ്പ് കേസ് കൊടുത്ത വാദിയുമായി ഒരു രീതിയിലും സഹകരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് എല്ലാവരും ഉറപ്പാക്കണം. അസോസിയേഷനെ സഹായിക്കാൻ 105 കുടുംബങ്ങളും ബാധ്യസ്ഥരാണ്' എന്നാണ് സർക്കുലർ.
സംസ്ഥാന ഹൗസിംഗ് ബോർഡ് (കെ.എസ്.എച്ച്.ബി) പദ്ധതിയിലെ താമസക്കാരുടെ അസോസിയേഷനാണിത്. 2005 മുതൽ ഉപയോഗിക്കുന്ന വഴി അടച്ചുകെട്ടാൻ അസോസിയേഷൻ തീരുമാനിച്ചതിനെതിരെ ഇതേ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന ജെൻസി 2018ൽ ജില്ലാ കോടതിയെ സമീപിച്ചിരുന്നു.
കെ.എസ്.എച്ച്.ബി സ്ഥലത്തല്ല പരാതിക്കാരിയുടെ വീട് എന്ന പേരിൽ 2018ൽ അസോസിയേഷനിൽ നിന്നും നീക്കി. തുടർന്നാണ് വഴിയടക്കാനും നീക്കം നടത്തിയത്. ജെൻസിയുടെ വീട്ടിലേക്ക് മറ്റൊരു ഇടവഴിയുണ്ടെങ്കിലും വാഹനഗതാഗതം സാധ്യമല്ല. കൈരളി നഗറിലെ വഴിയിൽ ജെൻസിയുടെ വീടിന്റെ ഗേറ്റ് വരെയുള്ള ഭാഗം എടത്തല ഗ്രാമപഞ്ചായത്താണ് ടാറിംഗ് നടത്തുന്നത്.
വഴിയുടെ ഉടമസ്ഥാവകാശം കെ.എസ്.എച്ച്.ബിക്കാണ്.
കോളനിയിൽ മൂന്ന് വർഷം മുമ്പ് സ്ഥലം വാങ്ങി താമസമാരംഭിച്ച ഒരാൾക്ക് തന്നോടുള്ള വ്യക്തിവിരോധമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെന്ന് ജെൻസി ബാബു ആരോപിച്ചു. മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇയാളുമായി തർക്കവും കേസുമുണ്ടായി. ഈ വൈരാഗ്യം തീർക്കാൻ അസോസിയേഷനെ കൂട്ടുപിടിച്ച് ഊരുവിലക്കുകയാണെന്ന് ജെൻസി പറയുന്നു.
ഊരുവിലക്കിയിട്ടില്ലെന്ന് അസോസിയേഷൻ
റെസിഡന്റ്സ് അസോസിയേഷൻ സർക്കുലറിൽ ജെൻസി ബാബുവിനെയും കുടുംബത്തെയും ഊരുവിലക്കിയിട്ടില്ല. അസോസിയേഷനെതിരെ കേസ് നൽകിയവരോട് സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. കെ.എസ്.എച്ച്.ബിയുടെ സ്ഥലത്ത് താമസക്കാരല്ലാത്തതിനാലാണ് അവരെ അസോസിയേഷനിൽ നിന്നും നീക്കിയത്.
ടി.ഡി. പാട്രിക്
പ്രസിഡന്റ്,
ചൂണ്ടി കൈരളി നഗർ റെസിഡന്റ്സ് അസോസിയേഷൻ