മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ തിരുവാതിര ഞാറ്റുവേല ചന്തകൾ കൃഷിഭവനുകളിൽ ഇന്ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളുടെയും കൃഷി ഭവനുകളുടെയും ഇക്കോഷോപ്പുകളുടെയുമെല്ലാം സഹകരണത്തോടെയാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ചന്തകൾ നടക്കുന്നത്. ചന്തകളിൽ കൃഷി വകുപ്പിൽ നിന്ന് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന കാർഷിക സർവകലശാല വികസിപ്പിച്ച് എടുത്ത ടി.ഡി തെങ്ങിൻ തൈകൾ ,കർഷകരുടെ കൈയിലുള്ള പരമ്പരാഗത വിത്തിനങ്ങളും മറ്റ് നടീൽ വസ്തുക്കളും കൊണ്ടുവരുകയും പരസ്പരം കൈമാറി ലഭ്യമാക്കാവുന്നതും,വിവിധങ്ങളായ ബഡ്/ ഗ്രാഫറ്റ് ഫലവൃക്ഷ തൈകൾ, കശുമാവ്, കൊക്കോ, അലങ്കാര തൈകൾ, ഔഷധ തൈകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ,ഗ്രോബാഗുകൾ, വിത്തുകൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങി അനേകം കാർഷിക ഉൽപന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ഞാറ്റുവേല കാലഘട്ടത്തിൽ കർഷകർക്ക് ലഭ്യമാകും. മാറാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെ നടക്കുന്ന ഞാറ്റുവേല ചന്ത ഇന്ന് രാവിലെ 9.30 എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിക്കും. ആയവന കൃഷി ഭവന്റെ നേതൃത്വത്തിൽ ഇക്കോ ഷോപ്പിന്റെ സഹകരണത്തിൽ തിരുവാതിര ഞാറ്റുവേല ചന്ത ഇന്ന് രാവിലെ 10.30 ന് ആയവനയിലെ ഇക്കോ ഷോപ്പിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് ഉദ്ഘാടനം ചെയ്യും.